നന്ദി പറഞ്ഞ് ഒടുവിൽ അനുപ്രസാദ് നാട്ടിലേയ്ക്ക് മടങ്ങി
മനാമ: മലയാളിയായ തൊഴിലുടമ വഞ്ചിച്ചത് കാരണം നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ടിയ തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ അനുപ്രസാദ് ഒടുവിൽ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. 33 കാരനായ അനുപ്രസാദ് ബഹ്റൈനിൽ എത്തിയത് മുതൽ ജോലി ചെയ്തത് തിരുവനന്തപുരം ചൊവ്വര സ്വദേശിയുടെ കൺസ്ട്രക്ഷൻ കന്പനിയിലായിരുന്നു. ശന്പളം നൽകാതെ ബുദ്ധിമുട്ടിച്ചിരുന്ന ഇവിടെ നിന്ന് പാസ്പോർട്ട് തിരികെ വാങ്ങി മറ്റൊരു കന്പനിയിലേയ്ക്ക് വിസ മാറ്റാൻ ശ്രമിച്ചപ്പോഴാണ് തന്റെ പേരിൽ വ്യാജ ഔട്ട്പാസ് എടുത്ത് പഴയ തൊഴിലുടമ നാട്ടിലേയ്ക്ക് കടന്നു കളഞ്ഞ വിവരം ഇയാൾ അറിയുന്നത്. ബഹ്റൈനിലുണ്ടായിരുന്ന കടബാധ്യത കാരണമുണ്ടായിരുന്ന യാത്രാവിലക്ക് മറികടക്കാനാണ് ഇയാൾ ജീവനക്കാരനായ അനുപ്രസാദിന്റെ പേരിൽ ബഹ്റൈനിൽ നിന്ന് പോയത്. രോഗിയായ പിതാവും, മാതാവും സഹോദരിയുമടങ്ങുന്ന കുടംബത്തിന് ഏക അത്താണിയായ അനുപ്രസാദിന്റെ ജീവിതം ഇതോടെ ദുരിതത്തിലാവുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് ഈ കാര്യത്തിൽ ഇടപ്പെട്ടതിനെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം അനുപ്രസാദിന് പാസ്പോർട്ട് ലഭിക്കുകയും, നാട്ടിലേയ്ക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തത്. മലയാളി മനസ് എംഎം ടീം ബഹ്റൈനും അനുപ്രസാദിനെ ഈ കഴിഞ്ഞ ദിവസങ്ങളിൽ താമസമടക്കമുള്ള കാര്യങ്ങൾ നൽകി സഹായിച്ചിരുന്നു. നാട്ടിൽ രണ്ടര സെന്റ് സ്ഥലത്ത് വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ചത് കാരണം ഉണ്ടാക്കിയ താത്കാലിക ഷെഡിലാണ് ഇദ്ദേഹത്തിന്റെ കുടംബം താമസിക്കുന്നത്. ഇത് കണക്കിലെടുത്ത് ഇദ്ദേഹത്തിനായി ഒരു വീട് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എം എം ടീം . തന്നെ സഹായിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് അനുപ്രസാദ് നാട്ടിലേയ്ക്ക് തിരിച്ചിട്ടുള്ളത്.
