90ാംമത് ദേശീയദിനം വര്‍ണാഭമായി ആഘോഷിച്ച് സൗദി അറേബ്യ
റിയാദ്: വര്‍ണാഭമായ പരിപാടികളോടെ 90ാമത് ദേശീയദിനം രാജ്യമെങ്ങും ആഘോഷിച്ചു. വികസന പാതയില്‍ കുതിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പിന്നിട്ട പാതകളും ചരിത്രങ്ങളും നേട്ടങ്ങളും സ്മരിച്ചും പ്രദര്‍ശിപ്പിച്ചും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുമാണ് രാജ്യമെങ്ങും ബുധനാഴ്ച ആഘോഷം പൊലിപ്പിച്ചത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആഘോഷപരിപാടികള്‍ അരങ്ങേറി. സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി, അതത് മേഖലകളിലെ ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം നടന്നത്. വൈകിട്ട് നാലിന് നടന്ന വ്യോമാഭ്യാസ പ്രകടനമായിരുന്നു ദേശീയ ദിനാഘോഷ പരിപാടികളിലെ മുഖ്യ ഇനം. 60ഓളം വരുന്ന സിവില്‍, സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മാനത്ത് വര്‍ണങ്ങള്‍ കൊണ്ട് ചിത്രവേലകളൊരുക്കിയും സൗദി പതാക ഉയര്‍ത്തി കാട്ടിയും നടത്തിയ എയര്‍ഷോ സൗദി ടെലിവിഷനിലൂടെ തത്സമയം കണ്ട ജനങ്ങളെ വിസ്മയഭരിതരാക്കി.
കൊവിഡ് പശ്ചാതലത്തിലാണ് എയര്‍ഷോ ചാനലിലൂടെ കാണിച്ച് വീടുകളില്‍ ഇരുന്ന് ജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയത്. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ഷോയാണ് നടന്നത്. റോയല്‍ എയര്‍ഫോഴ്‌സിന് കീഴിലെ വിവിധതരം യുദ്ധ വിമാനങ്ങള്‍, സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ എന്നിവക്ക് പുറമെ സ്വകാര്യ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും എയര്‍ഷോയില്‍ പെങ്കടുത്തു. പൈതൃക കേന്ദ്രങ്ങളുടെ സന്ദര്‍ശനം, തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വെടിക്കെട്ടുകള്‍ തുടങ്ങിയവും അരങ്ങേറി. ബുധനാഴ്ചയായിരുന്ന ദേശീയ ദിനമെങ്കിലും ചൊവ്വാഴ്ച മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായിരുന്നു. ശനിയാഴ്ച വരെ ആഘോഷപരിപാടികള്‍ നീണ്ടുനില്‍ക്കും.
