ഐക്യത്തിന്റെ സന്ദേശവുമായി പാക്ട് 'സമാഗമം 2026' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ ട്രസ്റ്റ് (പാക്ട്) നാട്ടിൽ സംഘടിപ്പിച്ച “സമാഗമം 2026” ബഹ്‌റൈൻ പ്രവാസി കൂട്ടായ്മയുടെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ വേറിട്ട അനുഭവമായി മാറി. നാട്ടിലും പ്രവാസത്തിലുമുള്ള പാക്ട് കുടുംബാംഗങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തിൽ പങ്കെടുത്തു.
പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലക്കാട് നഗരസഭാ വൈസ് ചെയർപേഴ്സൺ ബേബി, ഇറാം ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സിദ്ദിഖ് അഹമ്മദ്, പാക്ട് സ്ഥാപകാംഗം ഡോ. മോഹൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
പാക്ടിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർധനരായ രോഗികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടന മുൻഗണന നൽകി. പാലക്കാട് മുനിസിപ്പാലിറ്റി ഡയാലിസിസ് ഇനിഷ്യേറ്റീവ്, മണ്ണാർക്കാട് സി.എച്ച്. ട്രസ്റ്റ്, വടക്കന്തറ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സെന്റർ എന്നീ മൂന്ന് സ്ഥാപനങ്ങൾക്ക് ഡയാലിസിസ് ചികിത്സാ സഹായമായി 50,000 രൂപ വീതം ചടങ്ങിൽ കൈമാറി.
പിന്നണി ഗായകനും നടനുമായ പ്രണവം ശശി, ചിറ്റൂർ പാട്ടുഗ്രാമം ഗായകർ, പാക്ട് അംഗങ്ങൾ, കുട്ടികൾ എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ സമാഗമത്തിന് മാറ്റുകൂട്ടി. സാമൂഹിക സേവന രംഗത്ത് കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.
vbcbc

