ആവേശം വിതറി ബഹ്‌റൈൻ കേരളീയ സമാജത്തിൽ 'പിള്ളേരോണം' സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം ’26' ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മെഗാ മഹോത്സവമായ 'പിള്ളേരോണം' വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ മാറ്റുരച്ച വേദി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവമായി മാറി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സോപാനം വാദ്യകലാസംഘത്തിലെ കുട്ടി വാദ്യക്കാരുടെ പഞ്ചാരിമേളത്തോടെയാണ് ആഘോഷ പരിപാടികൾക്ക് അരങ്ങുണർന്നത്. തുടർന്ന് സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രാവണം എക്സ്-ഓഫീഷ്യോ അംഗം രാജീവ് പി. മാത്യു സ്വാഗതവും പിള്ളേരോണം കൺവീനർ ബോണി ജോസ് നന്ദിയും ആശംസിച്ചു. ചടങ്ങിൽ ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ, സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രൻ നായർ, അഭിലാഷ് വെള്ളുകൈ, ബിനു കരുണാകരൻ, വിവിധ കൺവീനർമാർ, വനിതാവേദി ജനറൽ സെക്രട്ടറി നിമ്മി റോഷൻ എന്നിവരുൾപ്പെടെ പ്രമുഖ ഭാരവാഹികൾ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തിന് പിന്നാലെ ഇരുനൂറിലേറെ കുട്ടികൾ അണിനിരന്ന വർണ്ണാഭമായ മെഗാ കലാവിരുന്ന് സമാജം അങ്കണത്തെ ആവേശത്തിലാഴ്ത്തി. ഓണപ്പാട്ടുകൾ, സ്കിറ്റുകൾ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ ദൃശ്യ-ശ്രാവ്യ മനോഹരമായ ഒരു സമ്മിശ്രണമായി മാറി. സാരംഗി ശശിധർ, ജ്യോതിരാജ്, ശ്രീജിത്ത് ശ്രീകുമാർ എന്നിവരാണ് കുട്ടികൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് നടന്ന ബാലവേഷ മത്സരത്തിലും നാടൻ കളികളിലും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്തു.
മഹാമേളയുടെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 1200-ലേറെ പേർക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. മികച്ച സംഘാടന മികവോടെ നടന്ന പിള്ളേരോണം കുട്ടികൾക്ക് മറക്കാനാവാത്ത മനോഹരമായ ഓർമ്മകൾ സമ്മാനിച്ചാണ് തിരശ്ശീല വീണത്. ബോണി ജോസ് കൺവീനറായും റെജി കുരുവിള, പ്രശോഭ് വേങ്ങന്നൂർ, നീതു സലീഷ്, ശ്രീദേവി സുബിൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പരിപാടികൾ ഏകോപിപ്പിച്ചു.
dsfdsf

