കൊവിഡ് ടെസ്റ്റ്: പ്രവാസി പ്രതിഷേധം സർക്കാരിന്റെ കണ്ണുതുറപ്പിച്ചുവെന്ന് ബഹ്‌റൈൻ കെ.എം.സി.സി
മനാമ: ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനാ ഫലം സമർപ്പിക്കണമെന്ന തീരുമാനം പിൻവലിച്ച സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണെന്നും പ്രവാസി ലോകത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് ഇതിന് വഴിതെളിച്ചതെന്നും ബഹ്‌റൈൻ കെ.എം.സി.സി. നിലവിലെ പ്രതികൂലമായ സാഹചര്യത്തിൽ യാതൊരു ചർച്ചകളോ പഠനമോ നടത്താതെയാണ് സംസ്ഥാന സർക്കാർ പ്രവാസികളുടെ കാര്യത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നേരത്തെ ക്വാറന്റൈനുമായും പ്രവാസികളുടെ മടങ്ങിവരവുമായും ബന്ധപ്പെട്ട് ഇതേരീതിയാണ് സ്വീകരിച്ചത്. അതിനാലാണ് പ്രവാസി പ്രതിഷേധത്തിന്റെ ഫലമായി സംസ്ഥാന സർക്കാരിന് ഇത്തരത്തിൽ തീരുമാനങ്ങൾ മാറ്റേണ്ടിവരുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
കൊവിഡ് ഭീതിയിൽ ആശ്വാസമേകുമെന്ന് കരുതിയ സംസ്ഥാന സർക്കാർ ഇതുവരെ പ്രവാസികളെ കൈയൊഴിയുകയാണുണ്ടായത്. എല്ലാ കാര്യത്തിലും വിദഗ്ധാഭിപ്രയങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന സർക്കാർ ഇനിയെങ്കിലും പ്രവാസികളുടെ കാര്യത്തിൽ ശ്രദ്ധപുലർത്തണം. നിലവിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നിരവധി പേരാണ് ഗൾഫ് നാടുകളിൽ ദുരിതമനുഭവിക്കുന്നത്. ഇതിനിടയിൽ പ്രവാസികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിനീക്കുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ പ്രതിഷേധങ്ങളും ശക്തമാകും. ഇതിന്റെ ഫലമായാണ് കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഇടത് അനുകൂല പ്രവാസി സംഘടനകൾ പോലും സംസ്ഥാന സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. കക്ഷി ഭേദമന്യേ ഈ വിഷയത്തിൽ പ്രവാസി ലോകം ഒറ്റക്കെട്ടായി നിലകൊണ്ടതിനാലാണ് തീരുമാനം പിൻവലിച്ചതെന്നും വാഗ്ദാനങ്ങൾക്കപ്പുറം കൈത്താങ്ങാവുന്ന പ്രവർത്തികളാണ് സംസ്ഥാന ഭരണകൂടത്തിൽ നിന്ന് പ്രവാസികൾ പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

