നിരവധി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊരുക്കി ബഹ്റൈന്‍ മലയാളി കൂട്ടായ്മകള്‍
മനാമ
വന്ദേഭാരത് മിഷന്റെ വിമാനങ്ങള്‍ക്കൊപ്പം കൂട്ടായ്മകളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും കൂടി സെര്‍വീസ് ആരംഭിച്ചതോടെ ബഹ്റൈനില്‍ നിന്ന് നാട്ടിലേയ്ക്ക് യാത്രക്കായി കണ്ണുനട്ടിരുന്നവര്‍ക്ക് ആശ്വാസമേറുകയാണ്. ബഹ്റൈന്‍ കേരളീയ സമാജം തുടങ്ങി വെച്ച ചാര്‍ട്ടേര്‍ഡ് വിമാന സേവനം നിരവധി കൂട്ടായ്മകളാണ് ഏറ്റെടുത്തിരിക്കുന്നത്. നാട്ടിലേയ്ക്ക് പോകാന്‍ വന്ദേഭാരത് മിഷന്‍ മാത്രമേ ഉള്ളൂ എന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് ഇത്തരമൊരു സാധ്യത തെളിഞ്ഞ് വന്നത്.
ബഹ്റൈനില്‍ നേരത്തേ ഇന്ത്യന്‍ എംബസി പുറത്ത് വിട്ട വിവരപ്രകാരം ആകെ ഇരുപതിനായിരത്തോളം പേരായിരുന്നു അവരുടെ പേരുകള്‍ യാത്രക്കായി റെജിസ്റ്റര്‍ ചെയ്തത്. അതേസമയം നിരവധി പേര്‍ ഒന്നും രണ്ടും തവണ പേരുകള്‍ റെജിസ്റ്റര്‍ ചെയ്തത് കാരണം ശരിയായ കണക്കുകള്‍ ലഭ്യമായിട്ടുമില്ല.അതു കൊണ്ട് തന്നെ ആകെ പതിനഞ്ചായിരത്തോളം പേരായിരിക്കും യത്ഥാര്‍ത്ഥ ആവശ്യക്കാര്‍ എന്നാണ് കരുതപ്പെടുന്നത്.
രണ്ട് ഘട്ടങ്ങളിലായി വന്ദേഭാരതിലൂടെ ഏകദേശം രണ്ടായിരത്തോളം പേരാണ് നാട്ടിലെത്തിയത്. ഇതിന് ശേഷം കേരളീയ സമാജം ഏര്‍പ്പാടാക്കിയ നാല് വിമാനങ്ങളിലായി 700 ഓളം പേരും നാട്ടിലെത്തി.ജൂണ്‍ 10 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ബഹ്റൈനില്‍ നിന്നും വന്ദേഭാരത് മിഷന്റെ ഭാഗമായി പതിനാല് വിമാനങ്ങളാണ് യാത്ര ചെയ്യുന്നത്. ഇതില്‍ ഏകദേശം 2400 ഓളം പേര്‍ യാത്ര തിരിക്കും. ഇതില്‍ അഞ്ച് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് പോകുന്നത്.ജൂണ്‍ 20 മുതല്‍ 28 വരെയുള്ള തീയ്യതികളില്‍ മൂന്ന് വിമാനങ്ങളും നാട്ടിലേയ്ക്ക് പോകും. ഇതില്‍ രണ്ടെണ്ണം കൊച്ചിയിലേയ്ക്കാണ്.
പിന്നെയും റെജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന പതിനായിരത്തോളം പേരില്‍ മഹാഭൂരിഭാഗവും കേരളത്തിലേയ്ക്ക് ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്ദേഭാരത് മിഷനില്‍ നല്‍കേണ്ടുന്ന തുകയില്‍ നിന്ന് പതിഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ അധികം നല്‍കിയാലും കൂട്ടായ്മകളുടെ ചാര്‍ട്ടേര്‍ഡ് വിമാന സേവനങ്ങള്‍ വഴി ജൂലൈ ആദ്യ വാരത്തോടെ നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ വിശ്വാസം. 99 ദിനാര്‍ മുതല്‍ 130 ദിനാര്‍ വരെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്. അര്‍ഹരായവര്‍ക്ക് സൗജന്യമായും ടിക്കറ്റ് നല്‍കുന്നുണ്ട്.
ചാര്‍ട്ടേര്‍ഡ് വിമാന സേവനത്തിന് തുടക്കം കുറിച്ച ബഹ്റൈന്‍ കേരളീയ സമാജം ജൂണ്‍ 14 മുതല്‍ ജൂണ്‍ 24 വരെ എല്ലാ ദിവസവും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേയ്ക്കുമായി ആകെ പത്ത് വിമാനസെര്‍വീസുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. അങ്ങിനെയെങ്കില്‍ ഏറ്റവും കുറഞ്ഞത് 1700 പേര്‍ക്കെങ്കിലും ഇത് പ്രയോജനകരമാകും.
ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബ്ബ് കേരളത്തിലെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ക്കൊപ്പം ബംഗ്ലൂരുവിലേയ്ക്കും ചാര്‍ടേര്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇതില്‍ കോഴിക്കോട്, ബംഗ്ലൂരു വിമാനങ്ങള്‍ക്ക് വേണ്ടതിനേക്കാള്‍ ബുക്കിങ്ങ് കിട്ടിയതായി അറിയുന്നു.
കൊറോണ വ്യാപനമുണ്ടായത് മുതല്‍ക്ക് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവ സാന്നിദ്ധ്യമായ കെഎംസിസിയുടെ വിമാനം ഇന്ന് ഉച്ചയ്ക്ക് ശേഷം 169 യാത്രക്കാരുമായി കോഴിക്കോടേക്ക് പോകും. ഇനി മൂന്നോളം സെര്‍വീസുകള്‍ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് കെഎംസിസി.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേയ്ക്ക് രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ഏര്‍പ്പാട് ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേയ്ക്കാണ് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ജൂണ്‍ രണ്ടാം വാരം ചാര്‍ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടുക്കാരുടെ തന്നെ മറ്റൊരു കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കാട്ടുക്കാര്‍ ജൂണ്‍ മൂന്നാം
വാരം ചാര്‍ട്ടേര്‍ഡ് വിമാനം പ്രഖ്യാപ്പിച്ചിട്ടുണ്ട്. ബഹ്റൈനില്‍ മലയാളികളുടെ ഇടയില്‍ ഏറ്റവുമധികം പേരുള്ള വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സൗഹൃദയ വേദി ജൂണ്‍ മൂന്നാം വാരമാണ് കോഴിക്കോടേക്ക് വിമാനം ഒരുക്കുന്നത്. ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളിലേയ്ക്കാണ് വിമാനങ്ങള്‍ പ്രഖ്യാപ്പിച്ചിരിക്കുന്നത്.ദാദാഭായി ട്രാവല്‍സുമായി സഹകരിച്ചാണ് ജൂണ്‍ 17 മുതല്‍ ഇവ യാത്ര തിരിക്കുക. ബഹ്റൈന്‍ സംസ്കൃതിയും. കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി കോഴിക്കോടേക്കും, കൊച്ചിയിലേയ്ക്കും ഓരോ വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്. ബഹ്റൈനില്‍ നിന്ന് ജൂണ്‍ മൂന്നാം വാരം കൊച്ചിയിലേയ്ക്കാണ് ഐവൈസിസി ബഹ്റൈന്‍ വിമാനസേവനമൊരുക്കുന്നത്.
ഇത് കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കെന്ന അവകാശവുമായി ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറവും രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 18 മുതല്‍ക്കാണ് ഇവരുടെ വിമാനം പോകുന്നത്. നിലവില്‍ കോഴിക്കോടേക്ക് 99 ദിനാറാണ് ഇവരുടെ ടിക്കറ്റ് നിരക്ക്. ഫഹ്ദാന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സാണ് ഇവര്‍ക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നത്. രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കുമെന്നും ബികെഎസ്എഫ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് നാടുകളില്‍ തന്നെ ഏറ്റവുമധികം മലയാളി പ്രവാസി കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ബഹ്റൈന്‍. കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തില്‍ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് മിക്ക കൂട്ടായ്മകളും നടത്തി വരുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനമെന്ന സാധ്യത ഉയര്‍ന്നുവന്നതോടെ, വരും ദിവസങ്ങളില്‍ കൂടുതല്‍ കൂട്ടായ്മകള്‍ ഒരു മത്സരസ്വഭാവത്തോടെ ഈ രംഗത്ത് വരുന്നത് ആവശ്യക്കാര്‍ക്ക് കുറേ കൂടി സഹായം ലഭിക്കാന്‍ കാരണമാകുമെന്ന പ്രതീക്ഷയാണ് പൊതുസമൂഹത്തിനുള്ളത്. അതേസസമയം മറ്റ് സംസ്ഥാനങ്ങളിലെ കൂട്ടായ്മകളൊന്നും തന്നെ ഇത്തരമൊരു സംവിധാനത്തെ പറ്റി ആലോചിച്ചു തുടങ്ങിയിട്ടില്ലെന്നും മനസിലാക്കുന്നു.
അതേസമയം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ സേവനമാരംഭിച്ചതോടെ സാധാരണ എയര്‍ലൈന്‍ സെര്‍വീസുകള്‍ സമീപകാലത്തൊന്നും ആരംഭിക്കാതിരിക്കുമോ എന്ന ആശങ്ക ട്രാവല്‍ ഏജന്‍സികളുടെ ഇടയില്‍ പടരുന്നുണ്ട്. മലയാളികള്‍ അടക്കം നിരവധി പേര്‍ ജോലി ചെയ്യുന്ന മേഖലയാണിത്. സംഘടനകള്‍ നേരിട്ട് വിമാനങ്ങള്‍ ബുക്ക് ചെയ്ത് ചാര്‍ട്ടര്‍ ചെയ്യുന്പോള്‍ വലിയ മുതല്‍ മുടക്ക് നടത്തി ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്നവര്‍ വെറുതെ നോക്കുകുത്തിക്കളായി മാറുന്ന സാഹചര്യമുണ്ടാവുമെന്നും അവര്‍ ഭയക്കുന്നു. ഇതോടൊപ്പം തന്നെ നേരത്തേ അവധിദിനങ്ങളിലേയ്ക്കായി പണം കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ റിഫണ്ടിനായി ട്രാവല്‍ ഏജന്‍സികളെ നിരന്തരം വിളിക്കുന്ന അവസ്ഥയുമുണ്ട്. അതേ സമയം എയര്‍ലൈന്‍സ് കന്പനികള്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല.
