ഭരണാധികാരികൾക്കും പ്രവർത്തകർക്കും നന്ദി; നളരാജൻ നാട്ടിലേയ്ക്ക് മടങ്ങി

മനാമ: കേസിന്റെ നൂലാമാലകളിലും അസുഖത്താലും അവശനായി ബഹറിനിൽ കഴിഞ്ഞിരുന്ന മുൻ ബഹ്‌റൈൻ ബിസിനസുകാരൻ കണ്ണൂർ സ്വദേശി നളരാജൻ ഒടുവിൽ സ്വന്തം മണ്ണിലേക്ക് മടങ്ങി.ജീവിതത്തിൽ ഒരിക്കലും ഒരു മടക്കയാത്രതന്നെ സാധ്യമാകുമോ എന്നുള്ള ആശങ്കയിൽ വാർധക്യസഹജമായ അസുഖത്താൽ ബഹ്‌റൈനിലെ ഏതാനും സുഹൃത്തുക്കളുടെ കാരുണ്യത്തിൽ കഴിഞ്ഞു കൂടിയിരുന്ന നളരാജൻ തന്നെ കാത്തിരിക്കുന്നവരുടെയടുത്തേയ്ക്ക് മടങ്ങുമ്പോൾ മടക്കയാത്രയ്ക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർക്കും ഇരു രാജ്യങ്ങളുടെ ഭരണാധികാരികൾക്കും ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ബഹറിനിൽ ബേക്കറി നടത്തുകയും ഒരു പ്രത്യേക സാഹചര്യത്തിൽ ബിസിനസ് തകരുകയും ചെയ്തു സാമ്പത്തിക കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പെട്ടാണ് നാട്ടിലേക്കു മടങ്ങാനാകാതെ നളരാജൻ ഇവിടെ കുടുങ്ങിയത്. വെസ്റ്റ് ഏക്കറിൽ ബേക്കറി ബിസിനസ് നടത്തി മികച്ച നിലയിൽ ജീവിച്ചിരുന്ന നളരാജൻ സാമ്പത്തികമായി തകരുകയും നിരവധി കേസുകളിൽ അകപ്പെടുകയും ചെയ്‌തു ജയിലിൽ ആവുകയും ചെയ്തിരുന്നു. ഖത്തറിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ പണം കൊടുത്തയാക്കുകയും തുടർന്ന് കേസ് നടത്തുകയും ചെയ്തതോടെ ജയിൽ മോചിതനാവുകയായിരുന്നു. എങ്കിലും 67000 ദിനാറിന്റെ ബാധ്യതയുമായി 12 ഓളം കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത് അതോടെയാണ് യാത്രാ നിരോധനം വന്നുപെട്ടത്.ആരോഹയാവസ്‌ഥ പരിഗണിച്ചും കേസ് നടത്തിക്കൊണ്ടുപോകാമെന്നുള്ള അഭ്യർഥനയും മാനിച്ച് ജയിൽ മോചിതനാക്കിയെങ്കിലും ജയിലിൽ നിന്നിറങ്ങി താമസിക്കാൻ ഇടമില്ലാതായതോടെയാണ് മുൻപ് ഇദ്ദേഹം താമസിച്ചിരുന്നതിനടത്തു റൂം ഷെയറിംഗിൽ താമസിച്ചിരുന്ന യുവാക്കൾ ഇദ്ദേഹത്തിന് കൂടി ഇടം നൽകിയത്.ഏതു വിധേനയും നാട്ടിൽ പോകണമെന്ന ചിന്തയുമായി കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കാര്യത്തിൽ സാമൂഹ്യ പ്രവർത്തകനും വേൾഡ് എൻ ആർ ഐ കൗൺസിൽ മിഡിൽ ഈസ്റ്റ് ഡയറക്ടറുമായ സുധീർ തിരുനിലത്ത്,പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ,കെ ടി സലിം,ഐ സി ആർ എഫ് ടീം എല്ലാം തന്നെ ഇടപെടുകയും ഇദ്ദേഹത്തിന്റെ കേസുകൾ ഒഴിവാക്കുന്നതിനും യാത്രാതടസ്സം നീക്കുന്നതിനും പല ശ്രമങ്ങളും നടത്തുകയും ചെയ്തു . സുബൈർ കണ്ണൂർ നാളരാജന്റെ നാട്ടിലുള്ള ബന്ധുക്കളെ സന്ദർശിക്കുകയും സാമ്പത്തിക ബാധ്യതയുടെ കാര്യം അറിയിക്കുകയും ചെയ്‌തെങ്കിലും ഭീമമായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ആരും തയ്യാറായില്ല .ഈ സാഹചര്യത്തിൽ സുധീർ തിരുനിലത്ത് ശ്രദ്ധയിൽ പെടുത്തിയത് പ്രകാരം ബഹ്‌റൈൻ ദേശീയ മനുഷ്യാവകാശ സംഘടനയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഐ സി ആർ എഫ് നളരാജന് ഭക്ഷണം നൽകാനുള്ള സംവിധാനം ഏർപ്പാടാക്കി. കേസുകളിൽ തീർപ്പാതെ വന്നതിനാൽ യാത്രാ നിരോധനം മാത്രം മാറിയില്ല. തുടർന്ന് അന്നത്തെ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് സുധീർ തിരുനിലത്ത് കാര്യങ്ങൾ വിശദമാക്കി കത്തയക്കുകയും പ്രവാസി ഭാരതീയദിവസിൽ പങ്കെടുത്തപ്പോൾ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോൾ അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടി ലഭിക്കുകയും ഉണ്ടായി .അതെ സമയം ഇന്ത്യൻ എംബസി കേസിലെ എതിർ കക്ഷികളുമായി നിരന്തരം സമ്പർക്കം പുലർത്തിക്കൊണ്ടുമിരുന്നു. അതിനിടെ നളരാജന്റെ ആരോഗ്യ സ്‌ഥിതി വളരെ മോശമാണെന്നും കേസിൽ അനുഭാവപൂർണമായ സമീപനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സുധീർ തിരുനിലത്ത് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ജോലി ചെയ്യാനുള്ള ആരോഗ്യസ്‌ഥിതി അദ്ദേഹത്തിനില്ലെന്ന് കോടതിയിൽ ബോധ്യപ്പെടുത്താനായെങ്കിലും സാങ്കേതികമായ പല തടസ്സങ്ങളും വീണ്ടും ഉണ്ടായിരുന്നു. അതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ഉണ്ടായത്. ഇന്ത്യൻ തടവുകാരുടെ കാര്യത്തിൽ ബഹ്‌റൈൻ ഭരണകൂടവുമായി ചർച്ച നടത്തിയെന്നും ജയിലിൽ കിടക്കുന്ന നിരവധി പേരെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതായും പ്രധാനമന്ത്രിയുടെ ഓഫീസ് അന്ന് ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു. അത് പ്രകാരം പല വിചാരണ തടവുകാരെയും സാമ്പത്തിക ശിക്ഷ അനുഭവിക്കുന്നവരുടെ മോചനവും നടപ്പാക്കുകയും ചെയ്യുകയുണ്ടായി. സമാനമായ സാഹചര്യത്തിൽ ഉൾപ്പെട്ട നളരാജന്റെ മോചനവും സാധ്യമാക്കാഉള്ള നടപടികൾ അതോടെ എംബസിയുടെ ഭാഗത്തു നിന്നും ഉണ്ടായതോടെ നളരാജനെതിരെയുള്ള യാത്രാവിലക്കുകളും നീക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭിക്കുകയുമായിരുന്നു.ഇന്നുച്ചയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
നളരാജൻ നാട്ടിലേയ്ക്ക് മടങ്ങി