ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് 10 കാറുകൾ അടക്കം നിരവധി സമ്മാന വാഗ്ദാനവുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്


റിയാദ് : സൗദി അറേബ്യയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് സമ്മാനങ്ങള്‍വിതരണം ചെയ്യുന്നു. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ച ബോധവൽക്കരണ ക്യാമ്പെയിന്റെ ഭാഗമായാണ് പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഒരു വകുപ്പ് ആദ്യമായാണ് ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്. കാമ്പയിന്റെ പ്രധാന സ്‌പോൺസർമാരായ കിയ കമ്പനിയിൽ നിന്നുള്ള പത്തു കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് സമ്മാനമായി വിതരണം ചെയ്യും. കൂടാതെ 500 റിയാലിന്റെ വീതം നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് .

റോഡുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലിയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി അറിയിച്ചു .ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ച് കണ്ടെത്തുക. ഇത്തരക്കാരെ തടഞ്ഞുനിർത്തി രഹസ്യ ട്രാഫിക് പോലീസുകാർക്കൊപ്പമുണ്ടാകുന്ന ക്യാമ്പെയിൻ പ്രതിനിധികൾ ഗതാഗത നിയമങ്ങൾ പാലിച്ചതിന്റെ പേരിൽ തൽക്ഷണം പാരിതോഷികം നൽകും. ക്യാമ്പെയിന്റെ അവസാനത്തിൽ നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായ ഡ്രൈവർമാരെ കണ്ടെത്തുകയെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ.അലി അൽഗാംദി പറഞ്ഞു.

രാജ്യത്തുണ്ടാകുന്ന 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള നിയമ ലംഘനങ്ങളാണ്. സാമൂഹിക പദ്ധതികൾ വഴി റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിന് ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ് പ്രോത്സാഹിപ്പിക്കും. ഇതിനായി പുതിയ മൂന്നു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാന്പെയിൻ നടത്തും .

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിലൂടെ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുകയല്ല, മറിച്ച്, മനുഷ്യ ജീവന് വില കൽപിക്കാത്ത വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിൽനിന്ന് നിരപരാധികൾക്ക് സംരക്ഷണം നൽകുകയാണ് ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത് .

You might also like

Most Viewed