അപൂർവ്വരാഗങ്ങളിൽ ആനന്ദമഴ പെയ്യിച്ച് കുന്നക്കുടി ബാലമുരളീകൃഷ്ണ
രാജീവ് വെള്ളിക്കോത്ത്
മനാമ:ജനകീയ കീർത്തനങ്ങളും രാഗങ്ങളും കേട്ട് ശീലിച്ച ആസ്വാദകർക്ക് മുന്നിൽ അപൂർവ രാഗങ്ങളുടെയും കീർത്തനങ്ങടെയും ആനന്ദവർഷം ചൊരിഞ്ഞപ്പോൾ കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി സദസ്സിന് വേറിട്ട അനുഭൂതിയായി. ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി പരിപാടികളോടനുബന്ധിച്ചായിരുന്നു ക്ലാസിക്കൽ ആർട്ട് ഫെസ്റ്റിവലിൽ സമാപന ദിവസം ബലമുരളിയുടെ സംഗീതക്കച്ചേരി അരങ്ങേറിയത്.സാധാരണ വാതാപി പോലുള്ള സ്‌ഥിരം കേൾക്കുന്ന കീർത്തനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്‍തമായിട്ടായിരുന്നു ബാലമുരളീകൃഷ്ണ നിറഞ്ഞ സദസ്സിനുമുന്നിൽ രാഗഭാവങ്ങൾ കൊണ്ട് കത്തിക്കയറിയത്. 'വലചി വാചി 'എന്ന നവരാഗ വർണ്ണത്തിൽ ആയിരുന്നു തുടക്കമെങ്കിലും പിന്നീട് ഭവപ്രിയ ,രാഗത്തിൽ ആരോഹണാവരോഹണങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് തുടർന്ന് വേറിട്ട കീർത്തനങ്ങളാണ് ആലപിച്ചത്. 'വേലും മയിലുമേ ' എന്ന കോടീശ്വര അയ്യരുടെ കൃതി സുചിത്ര എന്ന രാഗത്തിലാണ് രാഗഭാവങ്ങൾ തീർത്തത്. വസന്ത രാഗത്തിലെ 'സീതമ്മ മായമ്മ ' എന്ന കൃതി ദ്രുതതാളത്തിൽ ആലപിച്ചവസാനിപ്പിച്ചപ്പോൾ ഒരു മഴ പെയ്തു തീർന്ന പ്രതീതിയായിരുന്നു. കീരവാണിയിൽ ആയിരുന്നു നിരവൽ മനോധർമ്മ സ്വരങ്ങൾ അടക്കമുള്ള സമ്പ്രദായ രീതികൾ ഉൾക്കൊള്ളിച്ചു പാടിയത്. അതോടൊപ്പം തന്നെ അതിൽ തനിയാവർത്തനത്തിനുള്ള അവസരവും നൽകി. കെ എം എസ് മണി മൃദംഗത്തിലും തൃ പ്പൂണിത്തുറ രാധാകൃഷ്ണൻ ഘട്ടത്തിലും തനിയാവർത്തനത്തിൽ തീർത്ത താളവിസ്മയം സംഗീതാസ്വാദകർക്ക് അനുഭവഭേദ്യമായി. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന സംഗീതക്കച്ചേരിയിൽ വയലിനിൽ ജയ് ടോറോന്റോ (ജയദേവൻ നായർ)യും മറ്റൊരു 'കുന്നക്കുടി 'യായി വയലിനിൽ ഭാവപ്പകർച്ച നൽക്കുകയായിരുന്നു . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സംഗീത പ്രതിഭകളെ സദസിന് പരിചയപ്പെടുത്തി.ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഉപഹാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അദ്ദേഹം കൈമാറി

