ഓർമ്മയായത്  സമാജത്തിന്റെ  'ഭദ്രത ' കാത്ത  പാട്ടുകാരൻ 


രാജീവ് വെള്ളിക്കോത്ത് 
മനാമ:ബഹ്‌റൈൻ കേരളീയ സമാജം ഗുദൈബിയയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് (ഇന്നത്തെ ഫുഡ് വില്ലേജ് റസ്റ്റോറന്റ് കെട്ടിടം) സമാജത്തിന്റെ ഒരു കുടുംബാംഗം പോലെ നോക്കി നടത്തിയിരുന്ന ആളായിരുന്നു ഇന്ന് പുലർച്ചെ നാട്ടിൽ അന്തരിച്ച ഗായകനും സംഗീത സംവിധായകനായിരുന്ന കുഞ്ഞിമൂസ  എന്ന് സമാജം ജനറൽ സെക്രട്ടറി എംപി രഘു പറഞ്ഞു.തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ടു രംഗത്ത് നിറഞ്ഞുനില്‍ക്കവേയായിരുന്നു 90 കളിൽ ബഹ്‌റൈനിൽ അദ്ദേഹം എത്തിയത്. പിന്നീട് അന്നത്തെ മലയാളികളുടെ ഏക ആശ്രയമായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തുകയായിരുന്നു. പാട്ടിനോട് അടങ്ങാത്ത ആവേശം കാട്ടിയ അദ്ദേഹം പിന്നീട് സമാജത്തിന്റെ  സുരക്ഷാ ജീവനക്കാരനായും,സ്റ്റേജ് കൺട്രോളർ ആയും ഒരു കാരണവരെപ്പോലെ നിലകൊള്ളുകയായിരുന്നുവെന്ന് പഴയകാല അംഗങ്ങൾ ഓർക്കുന്നു. സമാജം അന്ന് ഇത്രയൊന്നും വലിപ്പമുള്ളതല്ലെങ്കിലും റോഡിൽ നിന്ന് അധികം അകലെയല്ലാത്തതിനാൽ ആളുകൾ പലപ്പോഴും കയറിയിറങ്ങും. പക്ഷെ മൂസ അനാവശ്യമായി ഒരാളെപ്പോലും അകത്തു കടത്തിവിടാതെ  സമാജത്തിന്റെ സംരക്ഷകൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമായിരുന്നു കാഴ്ചവച്ചിരുന്നതെന്നും എം പി രഘു പറഞ്ഞു.
എല്ലാവരോടും നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു കുഞ്ഞിമൂസ എന്ന് സമാജം അംഗം ജോസ് ഫ്രാൻസിസ് പറഞ്ഞു.സമാജത്തിന്റെ കലാപരിപാടികളിൽ പലപ്പോഴും സജീവമായിരുന്ന കുഞ്ഞിമൂസ മാപ്പിളപ്പാട്ടുകൾക്ക് പുറമെ ബാബുരാജിന്റെ പാട്ടുകൾ കൂടി പാടുമായിരുന്നുവെന്ന് ജോസ് ഓർമിച്ചു.ദീര്‍ഘകാലം പ്രവാസജീവിതം  നയിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങിയ കുഞ്ഞിമൂസ കുറേക്കാലം സംഗീത രംഗത്തു തന്നെ തുടർന്നു.. 'പാട്ടും ചുമന്നൊരാള്‍' എന്ന ജീവചരിത്രകൃതി കുഞ്ഞിമൂസയെ കുറിച്ചുള്ളതാണ്. ഗായകന്‍ താജുദ്ദീന്‍ വടകര അടക്കം എട്ടുമക്കളുണ്ട്.സമാജത്തിന്റെ ആദ്യകാല ജീവനക്കാരനായ കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ അനുശോചനയോഗം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed