ബി.കെ.എസ് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രാലയം


 മനാമ:
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സാമൂഹ്യക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചതായി പ്രോഗ്രസീവ് പാനല്‍ അംഗംങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ ഭരണസമിതി നിലവില്‍ വരണമെന്നുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘനാളായിട്ടുള്ള ആവശ്യം ഇതിലൂടെ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് ഈ നിര്‍ദേശമെന്നും അവര്‍ അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി, ക്ലബ്ബ് ആക്ട് പ്രകാരം സർക്കാർ ഓർഡർ Law no 21 of 1989 ന്റെ ആർട്ടിക്കിൾ 30,32, 33, & 39 ലംഘിച്ചതു കൊണ്ടും, ജനറൽ ബോഡി വിളിച്ചുചേർക്കുകയോ , 2019 -2021 കാലയളവിലേക്ക് ഭരണസമിതിയെ തിരഞ്ഞെടുക്കുകയോ ചെയ്യാത്തതിനാലുമാണ് ബഹ്‌റൈൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിച്ചത്.

വരുന്ന രണ്ട് മാസത്തിനുള്ളിൽ കഴിഞ്ഞ ഒരു വർഷം നടത്തിയ മുഴുവൻ സാമ്പത്തിക ക്രയവിക്രയങ്ങളുടെ രേഖകളും സമാജത്തിന്റെ നിലവിലുള്ള അവസ്ഥയെ കുറിച്ചും വിശദമായ റിപ്പോർട്ട് പരിശോധനക്കായി സമർപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതിനായി മൂന്നു മാസ കാലയളവിലേക്ക് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പത്തംഗ താത്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. തുടർന്ന് ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി വിളിച്ചു ചേർത്ത്, എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി പുതിയ ഭരണ സമിതി രൂപീകരിക്കണമെന്നുമാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. സമാജത്തിന്റെ എഴുപത്തിയൊന്നു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രാലയത്തിന് ഇത് പോലൊരു നടപടി എടുക്കേണ്ടി വന്നതെന്ന് പ്രോഗ്രസീവ് പാനൽ ഭാരവാഹികള്‍ പറഞ്ഞു.

ഭരണഘടന പ്രകാരവും, രാജ്യത്തെ നിയമപ്രകാരവും, സമാജത്തിന്റെ സാമ്പത്തിക വർഷം അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ സമാജം വാർഷിക ജനറൽ ബോഡിയോഗം വിളിച്ച് പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തണം എന്നാണ് അനുശാസിക്കുന്നത്. ഇത് നടപ്പാക്കുവാൻ 2018 – 2019 ലെ സമാജം ഭരണസമിതി തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല ഈ വർഷം തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന് മന്ത്രാലയം നിർദ്ദേശിച്ചു എന്ന് അംഗങ്ങൾക്കിടയിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. ഇത്തരം തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവരെ സമാജത്തെ പൂട്ടിക്കുവാൻ നടക്കുന്നവർ എന്ന് പറഞ്ഞ് വ്യക്തിഹത്യ നടത്തുക, അപമാനിക്കുക, തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ജോലി കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക, സമാജം കാണാത്തവരെ പോലും മെമ്പർമാരായി ചേർത്ത് തങ്ങൾക്ക് അനുകൂലമായി ഭൂരിപക്ഷം സൃഷ്ടിക്കുക തുടങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളും നിലവിലെ ഭരണസമിതി സ്വീകരിച്ചുവെന്നും പ്രൊഗ്രസീവ് ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരം തെറ്റായ നടപടികളെ ജനാധിപത്യപരമായും നിയമപരമായും നേരിടുന്നതിന്റെ ഭാഗമായാണ് തങ്ങൾക്കു മന്ത്രാലയത്തിൽ പരാതി കൊടുക്കേണ്ടി വന്നതെന്നും പ്രോഗ്രസ്സിവ് പാനൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . പത്ര സമ്മേളനത്തില്‍ കെ. ജനാര്‍ദ്ധനന്‍, എസ്. മോഹന്‍കുമാര്‍, പവിത്രന്‍ വി.കെ, സുധിന്‍ എബ്രഹാം, അജയകൃഷ്ണന്‍, വിപിന്‍ കുമാര്‍, അജിത് മാത്തൂര്‍, ഷാഫി പറക്കട്ട എന്നിവര്‍ പങ്കെടുത്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed