ശാന്തി നഷ്ടമാകുന്നു; സംഗീതം സമാധാനത്തിന് വേണ്ടി: ഉസ്താദ് അംജത് അലിഖാന്‍


മനാമ: സംഗീതം സമാധാനത്തിന് വേണ്ടിയുള്ള സന്ദേശമാകണമെന്ന് അംജത് അലി ഖാന്‍. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ബിസിനസ് അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച് നടത്തിയ ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടാണ് അദേഹം ഇക്കാര്യം   പറഞ്ഞത്.
വിവിധ കാരണങ്ങളാല്‍ ഇന്ന് ലോകത്ത് സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലുകളും ദുരിതവും വാര്‍ത്തകളില്‍ നിറയുന്നുവെന്നും, ഇന്ത്യയിലെ ന്യൂസ് ചാനലുകള്‍ തുറന്നാല്‍ ഹിന്ദു - മുസ്ലീം എന്ന പ്രയോഗം കേള്‍ക്കേണ്ടി വരുന്നുവെന്നും  , രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയാല്‍ മതത്തില്‍ ചെന്നെത്തുകയും സംഘര്‍ഷം ഉണ്ടാവുകയുമാണ് ചെയ്യുന്നതെന്നും   അദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുക്ക് ചുറ്റും നഷ്ടമാകുന്ന സമാധാനത്തിന് നമ്മുടെ വിദ്യഭ്യാസ സന്പ്രദായം കാരണമാകുന്നുവെന്നും പഴയ കാലങ്ങളില്‍ വിദ്യഭ്യാസത്തിന് സന്പ്രദായത്തിന് മൂല്യം  ഉണ്ടായിരുന്നുവെന്നും അധ്യാപകര്‍ക്ക് ശിഷ്യരോടുള്ള ധാര്‍മ്മികതയും പ്രധാനപ്പെട്ടതായിരുന്നുവെന്നും അദേഹം പറഞ്ഞു.
 
അധ്യാപക സമൂഹം കുട്ടികളോട് പുസ്തകമേ തുറക്കാന്‍ ആവശ്യപ്പെടുകയുള്ളൂ എന്നും ഹൃദയം തുറക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. 
യാന്ത്രികമായ ലോകത്തിന് ആശ്വാസവും അനുഭവമാക്കാന്‍ സംഗീതത്തിന് കഴിയുമെന്നതിനാല്‍ ലോകം അതിനെ ഏറ്റവും സുപ്രധാനമായി കാണുന്നുവെന്നും അതിനാല്‍ സംഗീതം വഴി സമാധാനത്തിന്റെ വിളംബരം എത്തിക്കാന്‍ കഴിയണമെന്നും അദേഹം പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും ഈ വൈവിധ്യമാണ് അംജദ് അലി ഖാന്‍ എന്ന സംഗീതഞ്ജനെ ഉണ്ടാക്കിയതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഉദാത്തമായ സംഗീതത്തിലൂടെ മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സംഗീതപഠനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദേഹം അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed