എസ്.വി ജലീലും രാജുകല്ലുംപുറവും ലോകകേരള സഭ അംഗത്വം രാജിവെച്ചു


മനാമ: ബഹ്റൈനിലെ  ലോകകേരള സഭ അംഗങ്ങളായ  എസ്.വി ജലീലും രാജുകല്ലുംപുറവും ലോകകേരള സഭ അംഗത്വം രാജിവെച്ചു. രണ്ട് പ്രവാസികളുടെ ആത്മഹത്യയോടുള്ള ഭരണകൂടത്തിന്റെ പ്രതികൂലമായ നിലപാടാണ് തന്റെ രാജിക്ക് കാരണമെന്ന് ബഹ്റൈന്‍ കെ.എം.സി.സി  സംസ്ഥാന പ്രസിഡണ്ട് എസ്. വി ജലീല്‍ വ്യക്തമാക്കി. പ്രവാസികൾ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു ലോകകേരള സഭയെ നോക്കികണ്ടതെന്നും  അതിനാലാണ് കക്ഷി രാഷ്ട്രീയഭേദമെന്യേ അതിനോട് സഹകരിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ പിടിവാശിക്കു മുന്നില്‍  സ്വന്തം സംരംഭം ഉപേക്ഷിക്കേണ്ടി വന്ന സുഗതനും ,  അതുപോലെ തന്നെ ആന്തൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ ശ്യാമളയുടെ പിടിവാശി മൂലം പ്രവാസത്തിന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചിട്ടും ഒരു സംരംഭം തുടങ്ങാനാകാതെ    സാജനും ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ കുറ്റക്കാരയവരെ ന്യായീകരിച്ച ഭരണകൂടത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും എസ്.വി ജലീല്‍ പറഞ്ഞു. 

 അതേസമയം മലയാളികളായ പ്രവാസികള്‍  വളരെ പ്രതീക്ഷയയുടെ കണ്ടിരുന്ന ലോക കേരള സഭ  അതിന്റ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ്  ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗത്വവും, ലോക കേരള സഭാ അംഗത്വവും  രാജിവെച്ചതെന്ന്  ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം വ്യക്തമാക്കി. നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾ തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തി കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ,  ന്യായമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് പകരം അവരെ ചൂഷണം ചെയ്യുന്ന സമീപനമാണ് ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും ചെയുന്നതെന്നും  കോടി കണക്കിന് രൂപ മുതൽ മുടക്കി ചെറുകിട വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ മുഴുവൻ തകർത്തുകളയാനാണ് ഈകൂട്ടർ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. അധികാരം ഉപയോഗിച്ച് കുറ്റക്കാരയ അണികളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നതെന്നും . ഈ സാഹചര്യത്തിൽ ലോക കേരള സഭയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന്  മനസിലാക്കി ഈ സ്ഥാനം രാജിവക്കുന്നതായി രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു.
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed