സ്‌കൂൾ ബസ്സുകളിലെ കുട്ടികളുടെ ഉറക്കം : രക്ഷിതാക്കളുടെയും ഉറക്കം നഷ്ടപ്പെടുന്നു
മനാമ: ചൂട് കഠിനമായതോടെ സ്കൂൾ ബസുകളിൽ തങ്ങളുടെ കുട്ടികൾ ഉറങ്ങിപ്പോകുമോ എന്നും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയും കാരണം പിഞ്ചു കുട്ടികളുടെ രക്ഷിതാക്കളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് അടുത്തിടെ യു എ ഇ യിലെ ഒരു സ്‌കൂൾ ബസിൽ പിഞ്ചുബാലൻ മരിച്ചതിന് പിറകെ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂളിൽ ഒരു മലയാളി വിദ്യാർഥി ബസിൽ ഉറങ്ങിപ്പോയതിനാൽ ഒറ്റപ്പെട്ടതും ഒക്കെ രക്ഷിതാക്കളുടെ ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.
സ്‌കൂൾ ബസുകളിലെ സുരക്ഷ സ്‌കൂൾ അധികൃതർക്കാണെന്നും ഡ്രൈവര്മാര്ക്കാണെന്നും എന്നൊക്കെയുള്ള വാഗ്വാദങ്ങൾ സോഷ്യൽ മീഡിയകളിൽ നടക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് തീർത്തും നിരുത്തരവാദപരമായ കാര്യം തന്നെയാനുള്ള കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്. ചൂട് അധികരിച്ചതോടെ പല കുട്ടികളും രാവിലെ ബസ് യാത്ര തുടങ്ങുന്ന മാത്രയിൽ തന്നെ ഉറങ്ങുകയാണ് പതിവ്. ഗതാഗതക്കുരുക്കുകളും വിവിധ സിഗ്‌നലുകളും കടന്നു സ്‌കൂളുകളിൽ വാഹനം എത്താൻ കൂടുതൽ സമയം എടുക്കുന്നതോടെ പല വിദ്യാർഥികളും ഉറക്കത്തിലേക്ക് വഴുതുന്നു.
ഇവർ സ്‌കൂളിൽ എത്തുമ്പോൾ ബസ്സിൽ നിന്നും ഇറങ്ങിയോ എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ഉത്തരവാദിത്വപ്പെട്ടവർക്കുണ്ട്.
ബഹ്‌റൈനിലെ മിക്ക സ്‌കൂളുകളിലെയും ബസ്സുകളിൽ പ്രത്യേകം കെയർ കെയർടെയ്ക്കർമാരില്ല. പകരം അതാത് റൂട്ടുകളിൽ താമസിക്കുന്ന അധ്യാപകർക്കാണ് ബസിലെ കുട്ടികളുടെ ഉത്തരവാദിത്വം. പല സ്‌കൂളുകളിലെയും വലിയൊരു ശതമാനം അധ്യാപകരും ഇക്കാര്യം നന്നായി നിർവ്വഹിച്ചു പോകുന്നുണ്ടെങ്കിലും ചില അധ്യാകർ ഇതിനു ഒരപവാദമാകുന്നുണ്ടെന്നാണ് രക്ഷിതാക്കളുടെ പരാതി.
ചില ബസുകൾ പുറപ്പെടുന്ന സമയത്ത് ബസ്സിൽ അധ്യാപകർ ഉണ്ടാവുന്നില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു. സ്‌കൂൾ വിട്ട് മടങ്ങുമ്പോഴും അധ്യാപകരുടെ ബസ് സ്റ്റോപ്പ് കഴിഞ്ഞുള്ള റൂട്ടിൽ പലപ്പോഴും കുട്ടികൾ മാത്രമാണ് ഉണ്ടാകുന്നത് എന്നും ചില രക്ഷിതാക്കൾ പരാതിപ്പെട്ടു.
പല സ്‌കൂളുകളും സ്വകാര്യ സ്‌ഥാപനങ്ങളുടെ ബസുകൾ മാസ വാടക അടിസ്‌ഥാനത്തിലെടുത്താണ് കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാൻ ഉപയോഗപ്പെടുത്തുന്നത്.
അത് കൊണ്ട് തന്നെ സ്വകാര്യ കമ്പനികൾ ഇടയ്ക്കിടെ ഡ്രൈവർമാരെ മാറ്റുന്നതും പതിവാണ്.ചില സ്‌കൂൾ ബസ് റൂട്ടുകൾ ഏതെന്നു പോലും ഡ്രൈവർമ്മാർക്ക് പറഞ്ഞു കൊടുക്കുന്നത് വിദ്യാർഥികൾ ആണ്.അവസാന വിദ്യാർഥിയും ബസിൽ നിന്ന് ഇറങ്ങി പരിശോധിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ടവർ ബസിൽ നിന്ന് ഇറങ്ങിപ്പോകാവു എന്ന് സ്‌കൂൾ അധികൃതർ നിഷ്കര്ഷിക്കുന്നുണ്ടെങ്കിലും പല അധ്യാപകരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നുണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല.
രക്ഷിതാക്കൾക്കും ചില ഉത്തരവാദിത്വങ്ങൾ ഇക്കാര്യത്തിൽ ഉണ്ടെന്നു അധ്യാപകരും പറയുന്നു. പലപ്പോഴും കുട്ടികളെ സമയത്തിനു സ്റ്റോപ്പിൽ എത്തിക്കാറില്ലെന്നും സ്‌കൂൾ വിട്ടു മടങ്ങുമ്പോൾ പിഞ്ചു കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ചില രക്ഷിതാക്കൾ സമയത്തിന് വരാറില്ലെന്നും സ്‌കൂൾ ബസിൽ ഉത്തരവാദപ്പെട്ട അധ്യാപകരും പറയുന്നു. ഏതായാലും സ്‌കൂൾ ബസിൽ കുട്ടികൾ ഒറ്റപ്പെട്ടുപോകുന്ന സംഭവങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ബസുകളിൽ ഉത്തരവാദിത്വപ്പെട്ട അധ്യാപകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിവിധ സ്‌കൂളുകളുടെ മാനേജുമെന്റ് അറിയിച്ചു.
സ്‌കൂൾ ബസ്:കുറ്റക്കാർക്കെതിരെ നടപടിഎടുക്കുമെന്ന് ചെയർമാൻ
മനാമ:ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ ദിവസം നാലാം ക്ലാസ് വിദ്യാർഥി ഉറങ്ങിപ്പോയത് കാരണം ബസിൽ ഒഴിഞ്ഞുപോയ സംഭവം ദൗർഭാഗ്യകരമാണെന്നും സംഭവത്തിൽ അലംഭാവം കാട്ടിയിട്ടുള്ളവർക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് കർശന നടപടി എടുക്കുമെന്നും സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത് സ്‌കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. കുട്ടികളെ കൊണ്ട് വരാൻ കരാർ നൽകിയ സ്വകാര്യ കമ്പനിയുടേതായിരുന്നു മിനി ബസ്.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

