ലക്ഷങ്ങൾ കൊടുത്തു ലഭിച്ച ബഹ്‌റൈൻ വിസ വ്യാജം;പിന്നിൽ വൻ ലോബിയെന്ന് സംശയം


ചിത്രം:ബഹ്‌റൈനിലെ ജോലിക്കായി അയച്ചതുകൊടുത്ത വ്യാജ വിസ 
 
രാജീവ് വെള്ളിക്കോത്ത് 
മനാമ: ബഹ്‌റൈനിൽ ജോലിക്കു വേണ്ടി വ്യാജ വിസ നൽകി കേരളത്തിലെ നിരവധി യുവാക്കളെ  ഏജന്റുമാർ കബളിപ്പിച്ചതിന് തെളിവുകൾ ഫോർ പി എം ന്യൂസിന് ലഭിച്ചു.പാലക്കാട് ജില്ലക്കാരായ നിരവധി  യുവാക്കളെയാണ് ബഹറൈനിലേക്ക്  ജോലി സംഘടിപ്പിക്കാമെന്ന  വാഗ്ദാനം നൽകി വിസയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി കബളിപ്പിച്ചത്.യുവാക്കളിൽ ഒരാൾ ബഹ്‌റൈനിലെ ഒരു മലയാളി കമ്പനി ഉടമയുമായി ബന്ധപ്പെട്ടതോടെയാണ് ലഭിച്ച വിസ  വ്യാജമാണെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്നും യുവാക്കൾക്ക്  മനസ്സിലായത്. 
 
 സൗദിയിലും കുവൈത്തിലും മുൻപ് ജോലി ചെയ്തിരുന്ന ഇപ്പോൾ നാട്ടിലുള്ള പാലക്കാട് സ്വദേശിയായ യുവാവിനോട് സൗദിയിൽ ജോലി ചെയ്തിരുന്ന സുഹൃത്താണ് തന്റെ  പരിചയക്കാരൻ ബഹ്‌റൈനിൽ ഉണ്ടെന്നും ബഹ്‌റൈനിൽ ജോലി ഒഴിവുണ്ടെന്നും   വിസ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്. ഉദ്യോഗാർഥികളെ സംഘടിപ്പിച്ചു കൊടുത്താൽ 60000 രൂപയ്ക്ക് വിസ തരപ്പെടുത്താമെന്നും പറഞ്ഞു . അത് പ്രകാരം പാലക്കാട് യുവാവ് കൈയ്യിലുണ്ടായിരുന്ന സ്വർണ്ണം വിറ്റും പലിശയ്ക്ക് കടം വാങ്ങിയും 40000 രൂപ അഡ്വാൻസായി പാലക്കാട് തന്നെയുള്ള ഏജന്റിനെ ഏൽപ്പിക്കുന്നത് കൂടാതെ  മറ്റു കുറച്ച്  സുഹൃത്തുക്കളുടെ അടുക്കൽ നിന്നും കൂടി പണം  സ്വരൂപിച്ചു കൊണ്ട് അവർക്കുള്ള വിസയ്ക്കും അഡ്വാൻസ് നൽകി.എല്ലാവരുടെയും പാസ്‌പോർട്ടും പാലക്കാടുള്ള ഏജന്റിന് നൽകുകയും ചെയ്തു. പറഞ്ഞത് പ്രകാരം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ സൗദിയിലെ സുഹൃത്ത് മുഖേന വാട്സ് ആപ്പിൽ കൂടി വിസയുടെ കോപ്പി ലഭ്യമാക്കുകയും ചെയ്തു.
 
ബഹ്‌റൈനിലെ അറിയപ്പെടുന്ന മറ്റൊരു കമ്പനിയുടെ വിസ എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും വിസ കോപ്പിയിൽ കമ്പനിയുടെ പേരിൽ വ്യത്യാസം   കണ്ടതിനാൽ സംശയം തോന്നിയ യുവാക്കളിൽ ഒരാൾ ആദ്യം പറഞ്ഞ കമ്പനിയുടെ പേരിൽ ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ മലയാളിയായ കമ്പനി  ഉടമയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി. അതിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചപ്പോൾ താൻ ഇങ്ങനെ ഒരാൾക്കും വിസ നൽകിയിട്ടില്ലെന്ന് കമ്പനി ഉടമ അറിയിക്കുകയും യുവാക്കൾക്ക് അയച്ചു കൊടുത്തിട്ടുള്ള വിസയുടെ പകർപ്പ് പരിശോധനയ്ക്കായി ആവശ്യപ്പെടുകയും ചെയ്തു.
 
തുടർന്ന് യുവാവ് വിസയുടെ കോപ്പി ബഹ്‌റൈനിലെ കമ്പനി ഉടമയ്ക്ക് അയച്ചു.വിസയുടെ കോപ്പിയിൽ ജനന തീയ്യതിയും പേഴ്‌സണൽ നമ്പറും (ജനന തീയ്യതി വർഷമാണ് പേഴ്‌സണൽ നമ്പറിന്റെ ആദ്യ അക്കങ്ങൾ)വ്യത്യാസം തോന്നിയ തോടെയാണ് യുവാക്കൾക്ക് അയച്ചു നൽകിയിരിക്കുന്നത് വ്യാജ വിസ ആണെന്ന്ബഹ്‌റൈനിലെ കമ്പനി ഉടമയ്ക്ക്  മനസ്സിലായത്. വിസയിൽ പേഴ്‌സണൽ നമ്പർ എന്നെഴുതിയ സ്‌ഥാനത്ത്‌ യുവാവിന്റെ  നാട്ടിലെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നത്.ഇത്തരത്തിൽ ഒരിക്കലും സംഭവിക്കില്ല .തുടർന്ന് യുവാക്കളോട് അവർ കബളിപ്പി ക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം കമ്പനി ഉടമ അറിയിക്കുകയും ചെയ്തു. ഇപ്പോൾ പാസ്‌പോർട്ടും വിസയ്ക്ക് വേണ്ടി നൽകിയ തുകയും എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങിക്കാനുള്ള തത്രപ്പാടിലാണ് ഈ യുവാക്കൾ.
ബഹ്‌റൈനിലോ സൗദിയിലോ ഉള്ള വ്യാജ വിസാ സംഘമാണ് ഇത്തരത്തിൽ വലിയ കബളിപ്പിക്കൽ നടത്തിയിട്ടുള്ളതെന്നാണ് തട്ടിപ്പിനിരയായവർ അനുമാനിക്കുന്നത്.തങ്ങളെ കബളിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നഷ്ടപ്പെട്ട പണം എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങാൻ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed