വൈദ്യുതി-വാടക നിരക്ക് താങ്ങാനാവുന്നില്ല;ഷെയറിംഗ് അക്കോമഡേഷനുകൾ വ്യാപകമാകുന്നു
മനാമ: വർധിച്ചു വരുന്ന വൈദ്യുതി നിരക്കിനെ തുടർന്ന് കൂടി വരുന്ന ജീവിത ചിലവുകൾ താങ്ങാനാവാതെ പല കുടുംബങ്ങളും ഷെയറിംഗ് അക്കോമഡേഷനുകളിലേക്ക് താമസം പറിച്ചു നടുന്നു. ഇത്തരം അക്കോമഡേഷൻ ആവശ്യമുള്ളവരും സൗകര്യം അറിയിക്കുന്നവരുടെയും പരസ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമാണ്. പൊതുവെ കൂടിയ വൈദ്യുത നിരക്കിനോടൊപ്പം തന്നെ കൂനിന്മേൽ കുരുവെന്ന പോലെ ചൂട് കൂടിയതോടെ എയര്കണ്ടീഷനുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കേണ്ടി വരുന്നതിനാൽ കൂടിയ വൈദ്യുത നിരക്ക് ഫ്‌ളാറ്റ് വാടകയോളം തന്നെ വരുന്ന സാഹചര്യത്തിലാണ് പല കുടുംബങ്ങളും ഷെയറിംഗ് അക്കോമഡേഷനുകളെ ആശ്രയിക്കാൻ തുടങ്ങിയത്.
വൈദ്യുതി,വെള്ളം നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിലും സാധാര ണക്കാർ ആശ്രയിക്കുന്ന പല ഫ്‌ളാറ്റുകളുടെയും വാടക നിരക്കുകൾ കുറച്ചിട്ടില്ല. എന്നാൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഫുൾ ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ പലതും നിരക്കുകൾ കുറച്ചിട്ടുണ്ട്.ഇത്തരം ഫ്‌ളാറ്റുകൾ ഇടത്തരക്കാർക്ക് അപ്രാപ്യവുമാണ്. അതുകൊണ്ടാണ് കൂട്ട് കുടുംബങ്ങളായി താമസിക്കാൻ പലരും നിര്ബന്ധിതരാകുന്നത്. ഡബിൾ റൂമുകൾ ഫ്‌ളാറ്റുകൾ എടുത്തിട്ടുള്ളവർ ബാച്ചിലേഴ്സായി താമസിക്കുന്നവർക്കോ അല്ലെങ്കിൽ കുടുംബമായോ താമസിക്കുന്നവർക്കും ഫ്‌ളാറ്റുകൾ വീതിച്ചു നൽകുന്നുണ്ട്.
ചിലർ സുഹൃത്തുക്കൾ ആയുള്ളവരെ ഒരുമിച്ചു താമസിപ്പിക്കുമ്പോൾ ഒരു പരിചയവും ഇല്ലാത്തവരെപോലും താമസിപ്പിക്കാൻ പലരും നിര്ബന്ധിതരാവുകയാണ്.പെൺകുട്ടികൾ ഉള്ള കുടുംബങ്ങൾ പലപ്പോഴും ജോലിയുള്ള സ്ത്രീകളെയോ കപ്പിൾസിനെയോ ആണ് താമസിപ്പിക്കാൻ ഇഷ്ടപ്പെടുന്നത്. ജോലിയുള്ള മാതാപിതാക്കൾക്ക് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിൽ നിർത്തേണ്ടിവരുമ്പോഴും ഇത്തരം ഷെയറിംഗ് അക്കോമഡേഷൻ രീതി അനുഗ്രഹമാകാറുണ്ട്.

