ഓണാട്ടുക്കര ഫെസ്റ്റ് ജൂണ്‍ 21ന്
മനാമ: ബഹ്‌റൈനിലെ ഓണാട്ടുകരക്കാരുടെയും യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ച ചെട്ടിക്കുളങ്ങര കുംഭഭരണിയുടെയും ഗൃഹാതുരത പടർത്തുന്ന ആഘോഷം പ്രവാസികൾക്കും അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓണാട്ടുകര ഫെസ്റ്റ് ജൂൺ 21 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈൻ പ്രവാസികൾക്ക് നഷ്ടപ്പെടുന്ന ഭരണി അനുഭവവും വരും തലമുറകൾക്കു ഈ കലാരൂപം മനസ്സിലാക്കി കൊടുക്കാനുള്ള ചിന്തയുടെ ഭാഗമായിട്ടാണ് ഓണാട്ടുകര ഫെസ്റ്റ് എന്ന രീതിയിൽ ഒരു ദിവസം മുഴുവൻ കൊണ്ടാടാൻ തീരുമാനിച്ചതെന്നും സംഘാടകർ പറഞ്ഞു.
രാവിലെ 10.30 മണിക്ക് ഓണാട്ടുകര കഞ്ഞി സദ്യയിലെ പാചക വിദഗ്ദ്ധൻ ജയൻ ശ്രീഭദ്രയുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയ പരമ്പരാഗത രീതിയിൽ ഉള്ള കഞ്ഞി സദ്യയും തുടർന്ന് വൈകീട്ട് 6.30 മുതൽ 100 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന കുത്തിയോട്ട ചുവടും പാട്ടും അരങ്ങേറൂം . കുത്തിയോട്ട കലാരൂപത്തിന്റെ മുതിർന്ന ആചാര്യൻ നാരായണ പിള്ളയോടൊപ്പം കുത്തിയോട്ട പരിശീലകൻ . മധുചന്ദ്രനും നേതൃത്വം നൽകുന്ന കലാപരിപാടികളുടെ പരിശീലനം പുരോഗമിച്ചു വരികയാണ്.
ജാതിമതഭേദമന്യേ പതിമൂന്നു കരക്കാർ ഒത്തുചേർന്ന് അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചയുടെയും ഒരു നാടിന്റെ സംസ്കാരത്തെ വിളിച്ചോതുന്ന മഹത്തായ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ച ബഹ്‌റൈനിലും അതെ പടി പരമാവധി പകർത്താൻ ശ്രമിക്കുകയാണ്.
ഓണാട്ടുകര ഫെസ്റ്റിന്റെ എല്ലാ അനുഷ്ഠാന ചടങ്ങുകളും ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിണ് നടക്കുക. കഞ്ഞി സദ്യയ്ക്കും തുടർന്നുള്ള അനുഷ്ഠാന കലാപരിപാടികളും എല്ലാ മലയാളികളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പ്രവേശനം സൗജന്യം.

