വാറ്റിന്റെ 'തലവേദനയിൽ ' സംരംഭകരും കച്ചവടക്കാരും


രാജീവ് വെള്ളിക്കോത്ത് 
മനാമ: രാജ്യത്ത് ജനുവരി മുതൽ നടപ്പിലാക്കുന്ന മൂല്യ വർധിത നികുതിയുടെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നുള്ള ആകാംക്ഷയിലും അതിന്റെ ഭാഗമായി നടത്തേണ്ടുന്ന തയ്യാറെടുപ്പുകളുടെ തലവേദനയിലുമാണ് ബഹ്‌റൈനിലെ ബിസിനസ് സംരംഭകരും ചെറുകിട കച്ചവടക്കാരും. 2019 ജനുവരി 1 മുതൽക്കു തന്നെ വാറ്റ് ആദ്യഘട്ടം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി വാർഷിക വരുമാനം 5 മില്യണിൽ കൂടുതലുള്ള സംരംഭകരോട്  അവരുടെ   സ്‌ഥാപനങ്ങൾ ജനുവരി 1 നു മുൻപ് രജിസ്റ്റർ ചെയ്തിരിക്കണമെന്ന് അധികൃതർ നിഷ്കർഷിച്ചു കഴിഞ്ഞു.
വാറ്റ്  ഇത് നടപ്പിൽ വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ഡവലപ്പ്മെന്റ് ആൻഡ് റവന്യു പോളിസി അസി. അണ്ടർ സെക്രട്ടറി റാണാ ഫാഖിഹി കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം  വ്യക്തമാക്കിയിരുന്നു . വാർഷിക വിറ്റു  വരവ് 5 മില്യണിൽ കൂടുതൽ ഉള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ വാറ്റ്  സമ്പ്രദായം സ്വീകരിക്കേണ്ടത്. ഇത്തരം കമ്പനികൾ നാഷണൽ ബ്യുറോ ഫോർ ടാക്‌സേഷനിൽ (എൻ ബി ടി)രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 2019 ജനുവരി 1 വരെ സ്വീകരിക്കും. വാറ്റ് സംബന്ധിച്ച സംശയ ദൂരീകരണം നടത്തുന്നതിന് എൻ ബി ടി ഇപ്പോഴും സജ്ജമാണെന്നും 8000 8001എന്ന കോൾ സെന്ററിൽ വിളിച്ചാൽ നിർദേശങ്ങൾ നൽകുമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു. കേന്ദ്രീകൃത ഇമെയിൽ വിലാസം vat@mof.gov.bh . 93 ഓളം അവശ്യ വസ്തുക്കൾ വാറ്റിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .കൂടാതെ വിദ്യാഭ്യാസം,ആരോഗ്യ രംഗം അടക്കമുള്ള  എക്സികുട്ടീവ് റഗുലേഷനിൽ പരാമർശിച്ചിട്ടുള്ളവയും വാറ്റിൽ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടം വാറ്റ് ഏർപ്പെടുത്തിക്കഴിയുന്നതോടെ ചെറുകിട സംരംഭകർക്കും  അവബോധം ഉണ്ടാക്കുകയും അവരെക്കൂടി ഈ സമ്പ്രദായത്തിലേയ്ക്ക് കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം. എന്നാൽ വൻകിട കച്ചവടക്കാരുടെ ഉപഭോക്താക്കളായ ചെറുകിട കച്ചവടക്കാരും  വാറ്റ് രജിസ്റ്റർ ചെയ്യാൻ നിര്ബന്ധിതർ ആയേക്കും. കാരണം 5 മില്യൺ വിറ്റുവരവുള്ള ഒരു മൊത്ത വിതരണക്കാരിൽ നിന്ന് ചെറുകിട കച്ചവടക്കാർ സാധനങ്ങൾ  പർച്ചേയ്‌സ് ചെയ്യുമ്പോൾ  അവർ ചെറുകിട കച്ചവടക്കാർക്ക് വാറ്റ്അടക്കമുള്ള തുക ഈടാക്കും. ചെറുകിടക്കാർക്കു ആകട്ടെ വില കൂട്ടി വിൽക്ക്കാനും കഴിയില്ല. അതു കൊണ്ട് തന്നെ സ്വാഭാവികമായും അവരും വാറ്റ് രജിസ്റ്റർ ചെയ്യേണ്ടി വരികയോ  അല്ലെങ്കിൽ വാറ്റ് തുക പൊതുജനങ്ങളിൽ നിന്ന് ഈടാക്കുകയോ ചെയ്യും. ഇത്  വ്യാപാര മേഖലകളിൽ കടുത്ത മത്സരത്തിനും ഇടയാക്കും.
 
വൈദ്യുതി,വെള്ളം,ടെലഫോൺ നിരക്ക് വർധിക്കാൻ സാധ്യത
 വാറ്റ് സമ്പ്രദായം നടപ്പിലാകുന്നതോടെ സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നത് വൈദ്യുതി,വെള്ളം, ടെലഫോൺ സേവനങ്ങളുടെ നിരക്കിലുണ്ടാകുന്ന വർധനവാണ്. ഇവ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. ഓഫീസുകൾ,സ്‌ഥാപനങ്ങൾ, ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർക്കും ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുക. നിലവിലെ നിരക്ക് തന്നെ താങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്‌  ഈ മേഖലയ്ക്കും കൂടി നികുതി നൽകേണ്ടി വരുന്നത്. വൈദ്യുതി,ടെലഫോൺ തുടങ്ങിയവയുടെ കാര്യത്തിൽ വാറ്റ് നടപ്പിൽ വരുമ്പോൾ എത്രയാണ് നികുതി നൽകേണ്ടി വരുന്നതെന്നുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തമായ നിർദ്ദേശങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസ മേഖലയിൽ ഇതിനോടകം തന്നെ വാറ്റിന്റെ പട്ടികയിൽ ഉൾപ്പെടില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സ്‌ഥിതിക്ക്‌  സ്‌കൂൾ ഫീസ് ,രോഗ പരിശോധന,മരുന്ന് തുടങ്ങിയവയുടെ നിരക്ക് വർധിക്കില്ലെന്നത് മാത്രമാണ്  സാധാരണക്കാർക്ക് ആശ്വാസം.  
വാറ്റിന്റെ രണ്ടാം ഘട്ടം എപ്പോൾ നടപ്പിൽ വരുമെന്ന് കൃത്യമായി അധികൃതർ ഇതുവരെയും പറഞ്ഞിട്ടില്ലെങ്കിലും മാർച്ച് മാസത്തോടെ  എൻ ബി ടി റെഗുലേഷൻ പ്രകാരമുള്ള എല്ലാ വിനിമയങ്ങളും വാറ്റ് പ്രകാരമായിരിക്കും നടക്കുക എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. 2015 ലെ ജി സി സി റിയാദ് സമ്മിറ്റിലാണ് വാറ്റ്  സംബന്ധിച്ച എക്സികുട്ടീവ് റഗുലേഷൻ കരാർ നടപ്പിൽ വന്നത്. വാറ്റ് നടപ്പിലാകുന്നതോടെ രാജ്യത്ത് വൻ തോതിലുള്ള സാമ്പത്തികാഭിവൃദ്ധിയും  കൂടുതൽ തൊഴിൽ സാധ്യതയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വാറ്റ് സമ്പ്രദായം നടപ്പിൽ വരുന്നത് രാജ്യത്തിന് ഗുണകരമാണെന്നും രാജ്യം സാമ്പത്തികാഭിവൃദ്ധി കൈവരിക്കുമെന്നും അൽ നമ ൽ വി കെ എൽ ഹോൾഡിംഗ് കമ്പനി ചെയർമാൻ ഡോ വർഗീസ് കുര്യൻ പറഞ്ഞു. ചെറുകിട,വൻകിട സംരംഭകർക്കും ബിസിനസ് വളർച്ചയ്ക്ക് സഹായകരമാകുമെന്നും രാജ്യം അഭിവൃദ്ധിപ്പെടുന്നതു രാജ്യത്തെ ജനങ്ങൾക്ക് ഗുണകരമായി ഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

Most Viewed