ദേശിയ നിർമ്മാണ പ്രക്രിയയിലെ ബഹ്റൈനി വനിതകളുടെ സജീവ പങ്കാളിത്തത്തിന് പ്രശംസ
മനാമ : സുപ്രീം കൌൺസിൽ ഫോർ വുമൺ പ്രസിഡണ്ട് പ്രിൻസസ് സബിക ബിൻത്ത് ഇബ്രാഹിം അൽ ഖലീഫക്കും പ്രിൻസസ് ഗ്ലോബൽ അവാർഡ് ഫോർ വുമൺ എംപവർമെൻറ് ജൂറി പാനൽ അംഗങ്ങൾക്കും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് സഖിർ പാലസിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകി.
ദേശിയ നിർമ്മാണ പ്രക്രിയയിൽ പ്രിൻസസ് സബികയുടെ നേതൃത്വത്തിൽ എസ്.സി.ഡബ്ല്യൂ നടത്തുന്ന പരിശ്രമങ്ങളെയും സമൂഹത്തിൽ വനിതകളുടെ പദവി ഉയർത്താനുള്ള പദ്ധതികളേയും രാജാവ് പ്രശംസിച്ചു. ദേശീയ പുരോഗതിക്കായുള്ള ബഹ്റൈൻ വനിതകളുടെ സംഭാവനകൾക്ക് നേതൃത്വം നൽകുന്ന എസ്.സി.ഡബ്ല്യൂവിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
ബഹ്റൈൻ വനിതകളുടെ സംഭാവനകൾ വിവിധ മതങ്ങളെയും വിഭാഗങ്ങളെയും തമ്മിൽ ഏകോപിപ്പിക്കുകയും ഏകീകൃത സമൂഹത്തിന് രൂപം നൽകുകയും ചെയ്തതായും ഹമദ് രാജാവ് പറഞ്ഞു. ആഗോളതലത്തിൽ, നീതിയുടെ തത്ത്വങ്ങൾ പിന്തുടരുന്നതിനും സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യ പങ്കാളിത്തം, മാനവ സുരക്ഷ, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി അർഹരായവർക്ക് അവാർഡ് നൽകിയ ജൂറി പാനലിലെ അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രീയ മേഖലയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബഹ്റൈൻ വനിതകളുടെ ഉയർന്ന പങ്കാളിത്തം, ദേശീയ ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള അവരുടെ ഉത്സാഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2018 ലെ തെരഞ്ഞെടുപ്പിൽ സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം കൂടുന്നതായി അദ്ദേഹം പറഞ്ഞു. 2002 ൽ എട്ട് വനിതാ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്ഷം അത് 44 ആയി. 26 മണ്ഡലങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് സ്ത്രീകൾക്കായി. 2018 ലെ പാർലമെന്ററി, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള പൗരന്മാരുടെ താല്പര്യം ദേശീയ ഉത്തരവാദിത്തങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇതിൽ അഭിമാനിക്കുന്നതായും ഹമദ് രാജാവ് പറഞ്ഞു.
