പ്രതീക്ഷകൾ അസ്ഥാനത്തായി : ഒരു മാസത്തിന് ശേഷം ലഭിച്ചത് സാജുവിന്റെ മൃതദേഹം കണ്ടെത്തിയെന്നുള്ള അറിയിപ്പ്


മനാമ: എന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട പപ്പയുടെ ഒരു വിളിയെങ്കിലും തങ്ങളെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന അനു  കുര്യനും വിജയ് കുര്യനും ഒടുവിൽ തിരിച്ചറിഞ്ഞു ഇനി തങ്ങളുടെ പപ്പയുടെ ശബ്ദം കേൾക്കാനാകില്ലെന്ന്. ഇന്നലെ ഉച്ചയോടെ നടുക്കുന്ന വാർത്ത അവരുടെ കാതുകളിലും എത്തി. ഇനി അവരുടെ പപ്പയെ  ജീവനോടെ കാണാനാകില്ല.  സിയാം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്തിരുന്ന  കോട്ടയം പണമ്പുഴ സാജു കുര്യന്റെ    (55 വയസ്സ്)  മൃതദേഹം കണ്ടെത്തിയതായി ഇന്നലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു.   ഒക്ടോബർ11   മുതലാണ് അദ്ദേഹത്തെ റിഫയിലെ താമസ സ്‌ഥലത്തു നിന്നും കാണാതായത്.
 
ഒരു മാസമായി യാതൊരു വിവരവുമില്ലാതായിരിക്കുന്ന തന്റെ ഭർത്താവിനെയോർത്ത്  ഒന്ന് ഉറങ്ങാൻ പോലും സാധിക്കാത്ത   മാനസികാവസ്‌ഥയിലാണ് സാജുവിന്റെ ഭാര്യ ബിന്ദു വർഗീസ്‌.  മക്കളോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് അറിയാതെ തളർന്നിരിക്കുന്ന  അവരുടെ സഹോദരി  മഞ്ജുവാണ് ബഹ്‌റൈനിലെ ബന്ധുക്കളുമായും സാമൂഹ്യ പ്രവർത്തകരുമായും ആശയ വിനിമയം നടത്തി വരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ്  സാജു കുര്യന്റെ ബഹ്‌റൈനിലെ സഹോദരൻ സാബു കുര്യനെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അധികൃതർ വിളിപ്പിച്ച്  റിഫയിലെ മരുഭൂമിയിൽ നിന്നും  മൃതദേഹം  ലഭിച്ചെന്ന വാർത്ത അറിയിച്ചത്.
തന്റെ സഹോദരന്റെ വിയോഗ വാർത്തയുടെ ആഘാതത്തിലാണ് സാബു കുര്യനും. ദിവസേന ഫോണിലൂടെ ബന്ധപ്പെടുന്ന പ്രകൃതക്കാരനായിരുന്നില്ല സാജു കുര്യനെന്നും വെള്ളിയാഴ്ചകളിൽ പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന സമയത്താണ് എന്നും തമ്മിൽ കാണാറുണ്ടായിരുന്നതെന്നും സാബുവിന്റെ ഭാര്യയും ഓർമ്മിക്കുന്നു. ഒക്ടോബർ 12 ആം തീയ്യതി പള്ളിയിൽ സാജുവിനെ കണ്ടില്ല. തുടർന്ന് അതിനടുത്ത ദിവസമാണ് കമ്പനി അധികൃതർ സാജുവിനെ കാണാനില്ലെന്നും പോലീസിൽ പരാതി നല്കിയിരിക്കുകയാണെന്നും അറിയിച്ചത്. എന്താണ് സംഭവിച്ചതെന്നുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹതയാണെന്ന് നാട്ടിലുള്ള ഭാര്യയും ബന്ധുക്കളും പറയുന്നു.
 
ബി എസ് സി നഴ്‌സിംഗ് വിദ്യാർഥിനിയായ മകളും,ബി.ടെക്ക് വിദ്യാർഥിയായ മകനും അടങ്ങുന്ന കുടുംബം  സാജു കുര്യന്റെ വരുമാനത്തിൽ മാത്രമാണ് കഴിഞ്ഞിരുന്നത്. അടുത്ത ഡിസംബറിൽ ബഹ്‌റൈനിലെ പ്രവാസം അവസാനിപ്പിച്ചു ഇവർക്കൊപ്പം നാട്ടിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ്    അദ്ദേഹത്തെ കാണാതാകുന്നതും ഒടുവിൽ മൃതദേഹം കണ്ടെത്തുന്നതും. 
തന്റെ ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധ്യത ഇല്ലെന്നും,   ഏറെ നാളത്തെ തിരോധാനത്തിന് ശേഷം മൃതദേഹം കണ്ടെടുത്തതിന് പിന്നിലെ ദുരൂഹത നീക്കണമെന്നും, അതിനെങ്കിലുമുള്ള അവകാശം തങ്ങൾക്കില്ലേ എന്നുമാണ് സാജു  കുര്യന്റെ കുടുംബം ചോദിക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തണമെന്നും മരണത്തിനു പിന്നിലെ അസ്വാഭാവികത നീക്കണമെന്നും ബിന്ദു വർഗീസും സഹോദരി മഞ്ജുവും ആവശ്യപ്പെട്ടു. കാണാതായ വിവരം ലഭിച്ചത് തൊട്ടു തന്നെ ഇന്ത്യൻ വിദേശ കാര്യ മന്ത്രിക്കും  ഇന്ത്യൻ എംബസിക്കും ബഹ്‌റൈൻ പോലീസ് ഓംബുഡ്‌സ്‌മാനും  ഭാര്യ പരാതി അയച്ചിരുന്നു.
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed