പാർക്കിങ് ഗ്രൗണ്ട് സെമിത്തേരിയാക്കി : പുതുമയോടെ 'ബർസക് '
മനാമ : ബഹ്‌റൈൻ കേരളീയ സമാജം നാടകോത്സവത്തിനു എത്തിയ കാണികൾ ഇന്നലെ തെല്ലൊന്ന് അമ്പരന്നാണ് നാടകവേദിയിൽ എത്തിയത്. വാഹനം നിർത്തിയിടാനുള്ള സ്‌ഥലം വലിയ ഒരു സെമിത്തേരിയായി മാറിയതാണ് കാണികളെ അമ്പരപ്പിച്ചത്. പിന്നീടാണ് നാടകം അവതരിപ്പിക്കാനുള്ള വേദി തന്നെ പുറത്തേയ്ക്കു മാറിയിരിക്കുകയാണെന്നും ഇത് നാടകത്തിനുള്ള സെറ്റ് ഇട്ടതാണെന്നും പലരും അറിഞ്ഞത്.
കേരളീയ സമാജം നരേന്ദ്രപ്രസാദ് നാടകോത്സവത്തിൽ അവതരണരീതിയിൽ തന്നെ ഏറെ പുതുമകളോടെ വേദിയിൽ എത്തിയ രണ്ടാമത്തെ നാടകം ബർസക് ഏറെ ശ്രദ്ധേയമായി. ഫിറോസ് തിരുവത്ര രചനയും വിനോദ് വി ദേവൻ സംവിധാനവും നിർവഹിച്ച നാടകത്തിന്റെദീപ വിതാനവും രംഗപടവും മികവുറ്റതായി. തുറന്ന സ്ഥലത്തു ചെയ്യുമ്പോൾ ഉള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഒന്നും ഈ നാടകത്തിൽ കണ്ടതായി കാണികൾക്കു അനുഭവപ്പെട്ടില്ല എന്നത് തന്നെ നാടകത്തിന്റെ അണിയറ ശില്പികളുടെ വിജയമാണ്.
കുന്തിരിക്കം അടക്കമുള്ളവ പുകച്ചു കൊണ്ട് ഒരു സെമിത്തേരിയുടെ സാഹചര്യം ഒരുക്കി കാണികളെ ആദ്യം തന്നെ വിഷയത്തിലേക്ക് നടത്തുന്നതിനും ഇതിന്റെ അണിയറ പ്രവർത്തകർക്കായതു അവതരണത്തിന് ഏറെ ഗുണം ചെയ്തു. ഫിറോസ് തിരുവത്രയുടെ രചനയിൽ ഈ നാടകം വിനോദ് ദേവന്റെ സംവിധാനത്തിൽ ഭദ്രമാക്കിയപ്പോൾ എല്ലാ നടീ നടന്മാരും മികച്ച നിലവാരം പുലർത്തുകയും ചെയ്തു.



