ബഹ്‌റൈനിൽ ഇനി വരുന്നത് പറക്കും ദിനങ്ങൾ


രാജീവ് വെള്ളിക്കോത്ത്
മനാമ:  ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള സഞ്ചാരികൾ  ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. നവംബർ 14 മുതൽ 17 വരെ സാക്കീറിലെ എയർ ബേസിൽ വച്ച് നടക്കുന്ന എയർ ഷോയ്ക്ക് ഇത്തവണ നിരവധി സവിശേഷതകൾ ഉള്ളതായി സംഘാടകരായ ഗതാഗത,വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. കുട്ടികൾക്കും വിനോദ വിജ്ഞാന കുതുകികൾക്കും,  കലാകാരന്മാർക്കും ആകാശ സഞ്ചാരികൾക്കും ഇഷ്ടമുള്ള വിവിധ തരത്തിലുള്ള പരിപാടികൾ എയര്‍ഷോയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
എയർ ഷോ നടക്കുന്ന എല്ലാ ദിവസങ്ങളിലും 5 മണിക്കൂർ സമയം എയർ ഷോയ്ക്കു വേണ്ടി മാത്രം നീക്കിവച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മിലിട്ടറി എയർ ക്രാഫ്റ്റുകൾ, സിവിൽ എയർലൈൻസുകൾ, എന്നിവ  ഇതിൽ സംബന്ധിക്കും. കൂടാതെ ഓരോ രാജ്യത്തിന്റെയും ചരിത്രപ്രധാനമായ എയർ ക്രാഫ്റ്റുകളുടെ പ്രദർശനവും ഉണ്ടാകും. 110 ഓളം എയർ  ക്രാഫ്റ്റുകളോ ആയിരിക്കും ഇത്തവണ എയർ ഷോയിൽ ഉണ്ടാവുക.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈമാനിക ചരിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പവലിയനുകൾ, ഓരോ രാജ്യങ്ങളുടെയും  സേനാ സജ്ജീകരണങ്ങൾ, യുദ്ധ സന്നാഹങ്ങൾ എന്നിവയുടെ പ്രദർശനവും എയർഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഫ് 16 വിമാനങ്ങൾ, തൈഫൂൺ, മിറാഷ് വിമാനങ്ങൾ കൂടാതെ  ജംബോ യാത്രാ വിമാനങ്ങളായ ബോയിങ് ബി 787 -900 ,എയർ ബസ് എ 320 നിയോ  തുടങ്ങിയവയും  പ്രദര്‍ശനത്തിന് എത്തുന്നുണ്ട് . 
എയർ ക്രാഫ്റ്റ് മെയിന്റനൻസ്, മോഡിഫിക്കേഷൻസ്, എഞ്ചിനിയറിംഗ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികളും തങ്ങളുടെ ഉൽപ്പനങ്ങളുമായി ഈ ഷോയിൽ സംബന്ധിക്കും. ജനുവരിയിൽ നടന്നിരുന്ന എയർ ഷോ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നവംബറിൽ ആണ് നടക്കുന്നു എന്നത് കൊണ്ട് തന്നെ സന്ദർശകർക്കും പ്രദർശകർക്കും വളരെ അനുയോജ്യമായ കാലാവസ്‌ഥയാണ് എന്നതിനാൽ പതിവിലും കൂടുതൽ സന്ദർശകർ  ഇത്തവണ ഈ പരിപാടിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
2016 ൽ 9 ബില്യൺ ഡോളറിന്റെ ബിസിനസാണ്  എയർ ഷോയിൽ നടന്നത്. ഇത് 2014 ലെ എയർ ഷോയെ അപേക്ഷിച്ചു 221 ശതമാനത്തിന്റെ   വർദ്ധനവാണ്‌ കാണിച്ചത്. എയർഷോയുടെ  കാലം മാറ്റിയതോടെ ഇതിലും വലിയ വര്ധനവുണ്ടാകാനാണ് സാധ്യത എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സ്‌ഥാനം വഹിക്കുന്ന എയർ ഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അരലക്ഷത്തോളം വ്യാപാരികൾ ബിസിനസുമായി ബന്ധപ്പെട്ട് എത്തിച്ചേരുമെന്നും കണക്കാക്കപ്പെടുന്നു. 
 
ഇന്ത്യൻ  പ്രതിരോധ സേന സംബന്ധിക്കും 
ഇന്ത്യയുടെ യുദ്ധ വിമാനങ്ങളും മിസൈൽ വാഹക വിമാനങ്ങളുമായി പ്രതിരോധ സേന ബഹ്‌റൈൻ എയർ ഷോയിൽ ഇത്തവണയും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ലോക  ശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ തേജസ് യുദ്ധ വിമാനവും  മറ്റ് പോർ വിമാനങ്ങളും ബഹ്‌റൈൻ എയർ ഷോയിൽ ഏറെ പുതുമകളുമായി  എത്തുമെന്ന് കരുതാം. കൂടാതെ ഇന്ത്യൻ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയുടെ (എ ഡി എ ), ഹിന്ദുസ്‌ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് (എച്ച് എ എൽ) എന്നിവയും എച്ച് ടി ടി -40, ധ്രുവ് എന്നിവയും പ്രദർശന നഗരിയിൽ സ്‌ഥാനം പിടിച്ചു കഴിഞ്ഞു. ഡിപ്ലേ വിഭാഗത്തിലും ഇന്ത്യയുടെ ത്രിവർണ പതാക ആകാശത്തിൽ മൂവർണ്ണം വിതറി എയർഷോയിലെ  താരമാകാൻ എത്തുമ്പോൾ അമേരിക്ക, റഷ്യ അടക്കമുള്ള വാൻ രാഷ്ട്രങ്ങളുടെ നൂതന സാങ്കേതിക വിദ്യ അടങ്ങിയ വിമാനങ്ങളും വിസ്മയ കാഴ്ചകളുമായി പ്രദർശനത്തിൽ പങ്കെടുക്കും.
 
 എല്ലാ ദിവസവും കലാപരിപാടികൾ 
 
എയര്ഷോ തുടങ്ങുന്ന ദിവസം മുതൽ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികളും സാക്കീറിൽ ഒരുക്കിയിട്ടുണ്ട്. അറബിക് സിംഗർ ബനാ  ഒരുക്കുന്ന സംഗീത നിശ ആണ് പരിപാടിയിൽ ആദ്യത്തേത്. അറബ് രാജ്യത്തെ ആദ്യ വനിതാ ഡിജെ എന്നറിയപ്പെടുന്ന ഡി ജെ ലീലിന്റെ പ്രകടനം ആഘോഷത്തിന് മാറ്റുകൂട്ടും. കൂടാതെ അറബിക് ഫോക്ക് ഗായകൻ മോ സുവൈദിന്റെ സംഗീത നിശ, ടോക്കിങ് ഡ്രംസ് ബാൻഡിന്റെ പ്രകടനം, ഹിപ് ഹോപ് ഡാൻസ്, ഡി ജെ ഡ്യൂ ടോർ  അവതരിപ്പിക്കുന്ന പരിപാടി, കിഡ്സ് എന്റർടെയിനർ തുടങ്ങിയവയും  പരിപാടികളുടെ ഭാഗമാണ്.
 
എയർ ഷോ കാണുന്നതിന് പൊതു സമൂഹത്തിനു പ്രവേശനം ടിക്കറ്റ് എടുത്തവർക്കു മാത്രമാണ് . എയർ ഷോ വെബ് സൈറ്റിൽ തന്നെ പേര് രജിസ്റ്റർ ചെയ്തു ഓൺലൈൻ ആയി ടിക്കറ്റ് എടുക്കാവുന്നതാണ്. മുതിർന്നവർക്ക് 10 ദിനാറും കുട്ടികൾക്ക് 5 ദിനാറുമാണ്ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed