ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനം - തന്ത്രി
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ എന്നും തന്ത്രി പ്രതികരിച്ചു. ആചാരപ്രകാരം മേല്‍പ്പറഞ്ഞവരൊഴികെ എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു. അതേസമയം ഏത് തരത്തിലുള്ള പരിഹാരമാണ് ചെയ്യുകയെന്ന വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. വത്സന്‍ തില്ലങ്കേരിക്ക് പുറമേ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

