ബഹ്‌റൈൻ പാർലമെന്റിൽ മൂന്ന് എം.പിമാരെ പുറത്താക്കാൻ നീക്കം: 30 അംഗങ്ങൾ സ്പീക്കർക്ക് കത്ത് നൽകി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈൻ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മൂന്ന് എം.പിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 30 അംഗങ്ങൾ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകി. അബ്ദുൽനബി സൽമാൻ നാസർ, മംദൂഹ് അബ്ബാസ് അൽ സാലിഹ്, മെഹ്ദി അബ്ദുൽ അസീസ് അൽ ഷുവൈഖ് എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

പാർലമെന്റ് സമ്മേളനത്തിൽ ജുഡീഷ്യൽ അതോറിറ്റി നിയമ ഭേദഗതി ചർച്ച ചെയ്യുന്നതിനിടെ ഇവർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചവർക്കെതിരെ രാജ്യം സ്വീകരിച്ച നടപടികളെയും, ചിലരുടെ പൗരത്വം റദ്ദാക്കിയതിനെയും ഇവർ വിമർശിച്ചതായി കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാജ്യത്തിന്റെ ദേശീയ ഐക്യത്തെ തകർക്കുന്നതും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായെന്നും പരാതിയിൽ പറയുന്നു.

എം.പിമാർ എടുക്കുന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇതെന്നും, ജനവിശ്വാസം നിലനിർത്താൻ ഇവർക്ക് യോഗ്യതയില്ലെന്നും പരാതി നൽകിയ എം.പിമാർ വാദിക്കുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 78, 99 എന്നിവയും പാർലമെന്ററി ബൈലോയിലെ ആർട്ടിക്കിൾ 191(ബി)യും ഉദ്ധരിച്ചാണ് ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ പരാമർശങ്ങളിൽ മൂന്ന് എം.പിമാരും പിന്നീട് മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാൽ ഈ മാപ്പ് അപേക്ഷ അപര്യാപ്തമാണെന്നും, അവർ രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്നും പരാതിക്കാർ വ്യക്തമാക്കി. മുഹമ്മദ് സൽമാൻ അൽ അഹമ്മദ്, ഹമദ് ഫാറൂഖ് അൽ ദോയ്, ജമീൽ മുല്ല ഹസ്സൻ തുടങ്ങി പത്തോളം പ്രമുഖ എം.പിമാരുടെ നേതൃത്വത്തിലാണ് 30 പേർ ഒപ്പിട്ട ഈ അപേക്ഷ സമർപ്പിച്ചത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed