കേരളം ആര് ഭരിക്കും? വിധിയെഴുതാൻ ഇനി മണിക്കൂറുകൾ; നാളെ വോട്ടെണ്ണൽ
ഷീബ വിജയൻ I കേരളം
കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ 140 മണ്ഡലങ്ങളിലെയും ജനവിധി പുറത്തുവരും. എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഊഴം നേടുമോ അതോ യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമോ എന്ന ചോദ്യത്തിന് ഉച്ചയോടെ ഏകദേശ മറുപടി ലഭിക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയ ശേഷം എട്ടരയോടെ വോട്ടിംഗ് മെഷീനുകൾ തുറക്കും. ഇത്തവണത്തെ ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ മുന്നണികളെല്ലാം.
പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്നതിനാൽ ഫലം പ്രവചനാതീതമായി തുടരുന്നു. എൻ.ഡി.എയുടെ വോട്ട് വിഹിതത്തിലുണ്ടാകുന്ന മാറ്റം മുന്നണികളുടെ ജയപരാജയങ്ങളിൽ നിർണ്ണായകമാകും. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ആ സുപ്രധാന നിമിഷങ്ങളിലേക്ക് ഇനി കുറഞ്ഞ മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8.30 മുതൽ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ബലാബല മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ളിടങ്ങളിലെ ആദ്യചിത്രം ഒൻപതു മണി മുതൽ ലഭ്യമാകും. 10 മണിയോടെ കേരളം ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.
aa

