ഉച്ചവിശ്രമനിയമം ലംഘിച്ച കന്പനികൾക്കെതിരെ നടപടികൾ ആരംഭിച്ചു

മനാമ: ഉച്ചവിശ്രമം നിയമം നിലവിൽ വന്ന് 10 ദിവസത്തിനകം തന്നെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കർശ്ശനമായ നടപടികൾ കൈക്കൊണ്ടതായും അധികൃതർ വ്യക്തമാക്കി. ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 165ഓളം തൊഴിലാളികൾ ഉൾപ്പെട്ട 85ഓളം നിയമലംഘനങ്ങൾ പിടിക്കപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേസമയം നടന്ന പരിശോധനയിലുണ്ടായ നിയമ ലംഘനത്തെക്കാൾ വളരെക്കൂടുതലാണിത്.
വേനൽ കടുക്കുക്കുന്നതിന്റെ ഫലമായി പുറം സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വത്തെ മുൻ നിർത്തി 2007 മുതൽക്കാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ച വിശ്രമ നിയമം നടപ്പാക്കിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 87ഓളം നിയമ ലംഘനങ്ങളാണ് പിടിക്കപ്പെട്ടത്. മനാമ, സീഫ് മേഖലകളിലാണ് നിയമലംഘനങ്ങൾ കൂടുതലും നടന്നുവരുന്നതെന്ന് അധികൃതർ പറഞ്ഞു. ഉയർന്ന കെട്ടിടങ്ങളിൽ കടുത്ത ചൂടിൽ നിരവധി തൊഴിലാളികളെയാണ് ഉച്ച വിശ്രമ സമയത്തും ചിലർ ജോലി ചെയ്യിപ്പിക്കുന്നത്. നിർമ്മാണ മേഖലയിലെ കരാർ തൊഴിലാളികൾക്ക് പലപ്പോഴും ഉച്ചവിശ്രമം ലഭിച്ചാലും അതിന്റെ ഫലം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. പലപ്പോഴും താമസ സ്ഥലങ്ങൾ ജോലി സ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള തൊഴിലാളികളെ ഉച്ച വിശ്രമ സമയത്ത് കന്പനിയുടെ ചിലവിൽ താമസ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് വരുന്നില്ല. പകരം തൊഴിലിടങ്ങളിൽ തന്നെ താൽക്കാലിക വിശ്രമ സങ്കേതങ്ങൾ ഉണ്ടാക്കി പാർപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം താൽക്കാലിക കേന്ദ്രങ്ങളിൽ ആവശ്യമായ എയർ കണ്ടീഷനുകൾ പോലും പലതിലും ലഭ്യമാകുന്നില്ല. തൊഴിലിടങ്ങളിലേയ്ക്ക് തൊഴിലാളികളെ കൊണ്ട് പോകുന്നതും മികച്ച ശീതീകരണ സംവിധാനം പോലുമില്ലാത്ത വാഹനങ്ങളിലാണ്. എട്ടോ പത്തോ പേർക്ക് മാത്രം ഇരിക്കാവുന്ന വാഹനങ്ങളിൽ പതിനഞ്ചും ഇരുപതും വരെ തൊഴിലാളികളെ കുത്തിനിറച്ചുകൊണ്ട് പോകുന്നത് സ്ഥിരം കാഴ്ചയാണ്.