വാട്സ്ആപ്പ്, ഐഎംഒ അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത് ഹാക്കർമാർ

മനാമ : രാജ്യത്ത് വാട്സ്ആപ്പ്, ഐഎംഒ അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യാൻ ഉപയോഗിച്ച ബഹ്റൈൻ, യു.എ.ഇ, കുവൈത്ത്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 15 വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൈബർ സെക്യൂരിറ്റി സംഘം കണ്ടെത്തി. സമ്മാനങ്ങൾക്ക് അർഹരായി എന്ന രീതിയിൽ സന്ദേശങ്ങളയച്ച് ബഹ്റൈനിലെ നിരവധി വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇവർ ഹാക്ക് ചെയ്തത്. ടെലികോം കന്പനികളുടെയും ഹൈപ്പർ മാർക്കറ്റുകളുടെയും പ്രതിനിധികളെന്ന് അവകാശപ്പെട്ട തട്ടിപ്പുകാർ, അവരുടെ ബ്രാൻഡിലുള്ള ഐഡന്റിറ്റി, ലോഗോകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
CTM360 എന്ന സൈബർ ത്രെട്ട് മാനേജ്മെന്റ് ഏജൻസിയാണ് ഹാക്കർമാരെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രമായി ഇത്തരം 15 അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഒരു കന്പനി പ്രതിനിധി പറഞ്ഞു. ബഹ്റൈനിലെ മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഹാക്കിംഗുകൾ നടത്തിയത്. ഇതിനായി ഇവർ ഐഎംഒ ഉപയോഗിക്കുകയും ചെയ്തു. ബഹ്റൈൻ, യു.എ.ഇ, കുവൈത്ത്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ അക്കൗണ്ടുകൾക്ക് പിന്നിൽ. യു.എ.ഇയിലും ബഹ്റൈനിലുമുള്ള നിരവധി പ്രമുഖ സാന്പത്തിക സ്ഥാപനങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് വാട്സ്ആപ്പ്, ഐഎംഒ അക്കൗണ്ടുകൾ തട്ടിപ്പ് നടത്തുന്നതായി CTM360 നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാനെന്ന പേരിൽ ലഭിച്ച സന്ദേശപ്രകാരം രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വാട്സ്ആപ്പ്, ഐഎംഒ എന്നിവയിലൂടെ ഈ നന്പറുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേയ്ക്കും CTM360 അന്വേഷണം വ്യാപിപ്പിച്ചു. അതോടൊപ്പം, ഐഎംഒ വഴി പ്രചരിപ്പിക്കപ്പെട്ട നന്പറുകളിലൊന്ന് കണ്ടെത്തുകയും 00971545692619 എന്ന ഐഎംഒ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് 00971581558354, 00971582366545, എന്നീ വാട്സ്ആപ്പ് അക്കൗണ്ടുകളും ഇതിന് പിന്നിൽ പ്രവർത്തിച്ചതായി കണ്ടെത്തി.
ഇത്തരത്തിൽ ഹാക്ക് ചെയ്യുന്ന ആക്കൗണ്ടുകളുടെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുക്കുകയും ഫോണിലുള്ള നന്പറുകളിലേയ്ക്കും വ്യാജ സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നു. തട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞ നന്പറുകൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. 20,000 ബഹ്റൈൻ ദിനാറിലധികം സമ്മാനം ലഭിച്ചെന്നുള്ള സന്ദേശങ്ങൾ പൂർണ്ണമല്ലാത്ത ഇംഗ്ലീഷിലുള്ളതാണ്.
20,000 ബഹ്റൈൻ ദിനാർ ലഭിച്ചതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഒരു ടെലികമ്യൂണിക്കേഷൻ കന്പനിയുടെ പേരിലായിരുന്നു സന്ദേശം എങ്കിലും സംശയാസ്പദമായി തോന്നിയതിനാൽ അതിനോട് പ്രതികരിച്ചില്ലെന്നും ആരിഫ് അഹമ്മദ് പറഞ്ഞു. മിക്ക കേസുകളിലും ഫോട്ടോയിൽ എഴുതിയിരിക്കുന്ന സന്ദേശമായാണ് മെസേജുകൾ വരുന്നത്. ഇവർ പലപ്പോഴും ഇരകളെ തെറ്റിദ്ധരിപ്പിക്കാനായി വ്യത്യസ്ത നന്പറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ നിലവിൽ ഔട്ട് ഓഫ് സർവ്വീസ് ആണ്. യു.എ.ഇയിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമായിട്ടുണ്ട്.