ജിദ്ദാഫ്സിലെ അനധികൃത സ്റ്റാളുകൾ നീക്കം ചെയ്യാനുള്ള നടപടിയെ സ്വാഗതം ചെയ്ത് കച്ചവടക്കാർ

മനാമ : ജിദ്ദാഫ്സിലെ അനധികൃത സ്റ്റാളുകൾ നീക്കം ചെയ്യുന്നതിനുള്ള ക്യാപിറ്റൽ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാർ സ്വാഗതം ചെയ്തു. മാർക്കറ്റിന് എതിർവശത്തുള്ള സ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്ന ഒൻപത് സ്റ്റാളുകളാണ് ഇന്നലെ നീക്കം ചെയ്തത്. പ്രാദേശിക സോഷ്യൽ മീഡിയ നെറ്റ-്വർക്കുകളിൽ ഈ സംഭവത്തിൽ സംവാദം നടക്കുകയും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചിലർ വാദിക്കുകയും ചെയ്തു. അതേസമയം വിഷയത്തിൽ അനേകർ എതിർപ്പ് പ്രകടിപ്പിക്കുകയും കച്ചവടക്കാരുടെ ഉപജീവനത്തിന് നടപടി തടസ്സമാകുമെന്നും പറഞ്ഞു.
1990കളുടെ മധ്യത്തോടെ ഇവിടെ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നുണ്ടെന്ന് ഖാസിം അൽ ജദ് പറയുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് സ്റ്റാളുകൾ തകർക്കുകയും ലോറികളിൽ അവ നീക്കം ചെയ്യുകയും ചെയ്തതായി സ്റ്റാളുകൾ നീക്കം ചെയ്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. നീക്കം ചെയ്തതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മറ്റ് സ്റ്റാളുകളും ഉടൻതന്നെ നീക്കം ചെയ്യുമെന്ന് കേട്ടതായും അദ്ദേഹം പറഞ്ഞു.
യാർഡിൽ 15 സ്റ്റാളുകളാണ് ഉണ്ടായിരുന്നതെന്ന് ബഹ്റൈനി മത്സ്യ വിൽപ്പനക്കാരനായ ജാസിം അഹ്മദ് പറഞ്ഞു. ഇതിൽ ആറെണ്ണം ബഹ്റൈൻ സ്വദേശികളുടേതാണ്. അനധികൃത സ്റ്റാളുകൾ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായെത്തിയ ഫ്രീ വിസ ജോലിക്കാരാണ് മാർക്കറ്റിനെ തകർത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇവരിൽ ഏഷ്യൻ വംശജരായ കുറച്ചുപേർ മാത്രമേ നാലഞ്ച് വർഷം മുൻപ് വരെ പഴങ്ങൾ വിൽക്കാൻ തുടങ്ങിയിരുന്നുള്ളൂ. ഏതാനും മാസങ്ങൾക്കുമുന്പ് അവരിൽ ചിലർ ഈ ഭൂമി പിടിച്ചെടുക്കുകയും സ്റ്റാളുകൾ പണിയുകയും ചെയ്തു. അവരുടെ സ്വകാര്യ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക രേഖകളില്ലാതെ അവർ പൊതുഭൂമി ഏറ്റെടുത്തുവെന്നും ജാസിം അഹ്മദ് പറഞ്ഞു.
ഈ വിഷയം ഇവിടെ തീരില്ലെന്നും കച്ചവടക്കാർ പ്രതിദിനം ഇവിടെ വന്ന് മത്സ്യം, പച്ചക്കറി, പഴങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ വിൽക്കുന്നത് പതിവായിത്തീർന്നിട്ടുണ്ട്. അനധികൃത വ്യാപാരികളെക്കുറിച്ച് മറ്റ് കച്ചവടക്കാരുടെ പരാതികൾ വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കച്ചവടക്കാരെ നീക്കംചെയ്യാനുള്ള അധികൃതരുടെ തീരുമാനത്തെ ബഹ്റൈൻ കച്ചവടക്കാർ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.