ബെൽജിയത്തെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ

സെന്റ് പീറ്റേഴ്സ് ബർഗ് : സെമിഫൈനലിൽ ബെൽജിയത്തെ പരാജയപ്പെടുത്തി ഫ്രാൻസ് 2018 ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെൽജിയത്തിനെതിരെ ഫ്രാൻസിന്റെ ജയം. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമിയിലെവിജയിയായിരിക്കും ഫൈനലിൽ ഫ്രാൻസിന്റെ എതിരാളി. പരാജയപ്പെടുന്ന ടീം ബെൽജിയവുമായി മൂന്നാം സ്ഥാനത്തിന് വേണ്ടി ഏറ്റുമുട്ടും.
പന്ത്രണ്ട്കൊല്ലത്തിന് ശേഷമാണ് ഫ്രാൻസിന്റെ ലോകകപ്പ് ഫൈനൽ പ്രവേശനം. അന്പത്തിയൊന്നാം മിനിറ്റിൽ പ്രതിരോധനിര താരം സാമുവൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയ ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. ഫ്രാൻസിന്റെ ഗോൾ കീപ്പർ ഹ്യൂറോ ലോറിസിനുമുണ്ട് അവരുടെ വിജയത്തിൽ വലിയൊരു പങ്ക്. അത്ര മികച്ച രീതിയിലായിരുന്നു ലോറിസ് ബെൽജിയത്തിന്റെ ഗോളെന്നുറച്ച ഷോട്ടുകൾ കുത്തിയകറ്റിയത്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ സേവുകൾ തന്നെയായിരുന്നു ഗോളുകൾ അകന്നുനിന്ന ഒന്നാം പകുതിയുടെ ഹൈലൈറ്റ്.
നാഡർ ചാഡ്ലിയുടെ ഒരു കോർണറിനുശേഷം ആൽഡർവയ്റൽഡ് തൊടുത്ത തന്ത്രപരമായ ഗണ്ണർ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തിൽ ലോറിസിന്റെ കൈയിൽ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. ഉറുഗ്വേയ്ക്കെതിരായ ക്വാർട്ടർഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു. ഹ്യുഗോ ലോറിസ് ബെൽജിയത്തിന്റെ പ്രതീക്ഷകൾ തട്ടിയകറ്റിയപ്പോൾ ബെൽജിയം ഗോളി കുർട്ടോയിസിന്റെ മിന്നൽ നീക്കങ്ങൾ ഫ്രാൻസിനെ ലീഡ് ഉയർത്താൻ അനുവദിച്ചില്ല. ആദ്യ പകുതിയിൽ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങൾ ബെൽജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോൾ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാൻസിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാൻ ബെൽജിയത്തിന് സാധിച്ചു. പന്തടക്കത്തിൽ ബെൽജിയമായിരുന്നു മുന്നിൽ. ഹസാർഡും ഡിബ്രയ്നും തന്നെയായിരുന്നു ബെൽജിയം മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ചത്. ഡിബ്രുയ്നെയാണ് ഫ്രാൻസ് പ്രധാനമായും നോട്ടമിട്ടത്. കഴിഞ്ഞ കളിയിലെഫോമിനടുത്തെങ്ങുമില്ലായിരുന്നു ഡിബ്രൂയിൻ. ചാഡ്ലിക്കും തനതായ കളി പുറത്തെടുക്കാനായില്ല.ഹസർഡിന്റെ ഗോൾ ശ്രമങ്ങൾ ഫ്രാൻസിനെ വിറപ്പിച്ചു. ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽചാന്പ്യന്മരായിരുന്നു ഫ്രാൻസ്.