സൗദിയിലേയ്ക്ക് ആദ്യമായി വാഹനം ഓടിച്ചത് മലയാളി വനിത
മനാമ : സൗദി അറേബ്യയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചു കൊണ്ട് വനിതകൾക്ക് ഡ്രൈവിംഗ് അനുവദിച്ചപ്പോൾ ആ ചരിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബഹ്റൈനിലെ മലയാളി വനിത. സൗദി വനിതകൾക്ക് വാഹനം ഓടിക്കുന്നതിന് അനുമതി ലഭിച്ച ആദ്യ ദിനം ബഹ്റൈനിൽ നിന്ന് അൽകോബാറിലേയ്ക്ക് വാഹനമോടിച്ചുകൊണ്ടാണ് എറണാകുളം കാക്കനാട് സ്വദേശി സാസ് ജനറൽ സർവ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫൗസിയ ബീവി ഈ ചരിത്ര നേട്ടം കൈവരിച്ചത്. ബഹ്റൈൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കോസ്വേയിലെ വി.ഐ.പി ലൈനിലൂടെ കടന്നുവന്നാണ് ഫൗസിയ ചരിത്രത്തിന്റെ ഭാഗമായത്. വി.ഐ.പി ലൈനിലൂടെ വാഹനം ഓടിച്ച് സൗദിയിലേയ്ക്ക് പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിതയാണ് ഫൗസിയ ബീവി. തുടർന്ന് ആയിശ ബഹ്ലൂൽ, ബാസിമ അൽഹറം, നാദിയ അൽഫായിസ് എന്നീ ബഹ്റൈന് വനിതകളും അനുമതി പ്രാബല്യത്തിൽ വന്ന് മിനിറ്റുകൾക്കകം കിങ് ഫഹദ് കോസ്വേ വഴി കാറോടിച്ച് സൗദിയിൽ പ്രവേശിച്ചു.
2000ത്തിൽ കേരള ലൈസൻസ് കരസ്ഥമാക്കിയ ഫൗസിയ അവധിക്ക് നാട്ടിലെത്തുന്പോഴെല്ലാം വാഹനം ഓടിക്കാറുണ്ട്. ഇരുപത് വർഷത്തോളമായി സൗദിയിലുള്ള കുടുംബം ബഹ്റൈനിലേയ്ക്ക് താമസം മാറ്റിയിട്ട്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള ഫൗസിയ ആരാമം മാസികയിൽ പ്രർത്തിച്ചുപോരുന്നതിനോടൊപ്പം സൗദി ദമാം ഇന്റർനാഷണൽഇന്ത്യൻ സ്കൂളിൽ അദ്ധ്യാപികയായും ജോലിനോക്കിയിരുന്നു.
രാജ്യത്ത് വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തിൽ വന്നതോടെ ലോക ശ്രദ്ധ നേടുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പ്രതിരോധ മന്ത്രിയുടെ പദവി കൂടിയുള്ള ഈ കിരീടാവകാശി അധികാരമേറ്റ ശേഷമാണ് സുപ്രധാന മാറ്റങ്ങൾ സൗദി അറേബ്യയിൽ നടപ്പിലാക്കുന്നത്.




