മലിനീകരണ നിയന്ത്രണങ്ങളില്ലാതെ അൽ ഹമാലയിലെ കശാപ്പുശാല

മനാമ : അൽ ഹമാലക്ക് സമീപം വളരെക്കാലമായി ആളുകൾ താമസിക്കുന്നത് അസഹനീയമായ ദുർഗന്ധം സഹിച്ചാണ്. പല പരാതികളും നൽകിയിട്ടുണ്ടെങ്കിലും, പ്രദേശത്തെ തൊഴുത്തും കശാപ്പുശാലയും ഉണ്ടാക്കുന്ന മലിനീകരണത്തിന് അധികാരികൾ ഇതുവരെയായിട്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. കശാപ്പുശാല അടച്ചുപൂട്ടാൻ പലതവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഉത്തരവുകൾ മാനേജ്മെന്റ് അനുസരിച്ചിട്ടില്ല.
ഇവിടെ കശാപ്പുശാല നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, അത് ആരോഗ്യകരവും പരിസ്ഥിതി സൗഹാർദ്ദപര ത്തിലായിരിക്കണം. അല്ലെങ്കിൽ അത് പല രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും വ്യാപനത്തിന് വഴിയൊരുക്കുമെന്ന് ഈ പ്രദേശത്ത് താമസിക്കുന്ന അമേരിക്കൻ പൗര സാൻഡ്റോ പറഞ്ഞു. ചാണകത്തിന്റെയും ചത്ത മൃഗങ്ങളുടെയും ദുർഗന്ധവും അതുപോലെ മൃഗങ്ങളുടെ ശബ്ദവും ഇപ്പോഴത്തെ സാഹചര്യം അസഹനീയമാക്കുന്നതായി സാൻഡ്റോ പറഞ്ഞു.
ശാന്തമായ പ്രദേശം എന്ന നിലയിലാണ് അൽ ഹമാലതിരഞ്ഞെടുത്തതെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഇവിടം വിടാൻ നിർബന്ധിതനായിരിക്കുകയാണെന്നും ഈജിപ്ത് പൗരനായ സഫ്വത് അബ്ദെൽ ഹകം പറഞ്ഞു. തന്റെ വീട് കശാപ്പുശാലയ്ക്ക് വളരെ അടുത്ത്, ഏകദേശം 20 - 25 മീറ്റർ ദൂരത്തിലാണെന്ന് സഫ്വത് അബ്ദെൽ പറഞ്ഞു. തന്റെ പുരയിടം എലികൾക്കും മറ്റ് ജീവികൾക്കും താവളമായി മാറിയിരിക്കുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ച് വിശദീകരിക്കാനാവില്ല. തന്റെ കുട്ടികൾക്ക് അവരുടെ പഠനങ്ങളിൽ ശ്രദ്ധിക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരികൾ ഈ പ്രശ്നത്തിൽ ശരിയായ പരിഹാരം കണ്ടെത്തുന്നില്ലെങ്കിൽ ഗ്രാമവാസികൾ മറ്റെവിടെയെങ്കിലും രക്ഷപ്പെടേണ്ടി വരുമെന്നും അബ്ദെൽ പറഞ്ഞു.
ഈ മേഖലയിൽ ഒരു പുതിയ മസ്ജിദ് തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഒരാൾക്ക് എങ്ങനെ സമാധാനത്തോടെ പ്രാർത്ഥിക്കാൻ കഴിയുമെന്നും മേഖലയിലെ മറ്റൊരു താമസക്കാരിയായ റാനിയ ആശങ്കപ്പെടുന്നു.
എല്ലാ മാനദണ്ധങ്ങളും കാറ്റിൽപ്പറത്തിയാണ് കശാപ്പുശാല പ്രവർത്തിക്കുന്നതെന്നും ചത്ത മൃഗങ്ങളെ മറവ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും പ്രദേശവാസികൾ ആശങ്കാകുലരാണ്. കുട്ടികൾക്ക് പുറത്ത് കളിക്കാൻ കഴിയുന്നില്ല. അധികാരികൾ നടപടിയെടുക്കുന്നില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും കശാപ്പുശാല ഇവിടെനിന്നും മാറ്റാൻ നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.