ഈദ് ഓപ്പൺ ഹൗസിന് പൊതുസമൂഹത്തിൽ നിന്നും 3000 പേർ

മനാമ : ഈദിനോടനുബന്ധിച്ച് അൽ ഫാത്തെ ഗ്രാൻഡ് മോസ്ക്കിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പൊതു സമൂഹത്തിൽ നിന്നുള്ള 3000 പേർ സംബന്ധിച്ചതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ അല്ലാത്തവരാണ് ഈദ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കും, ജനങ്ങളുടെ സന്തോഷവും ആത്മീയതയും വർദ്ധിപ്പിക്കുന്നതിനുള്ള അവസരമായാണ് ഓപ്പൺ ഹൗസ് നടത്തുന്നത്.
ഓപ്പൺ ഹൗസിന് വളണ്ടിയർമാരുടെ സേവനവും ലഭിച്ചിരുന്നതായി സെന്ററിന്റെ വക്താവ് ഘാദ ഖാഫാഗി പറഞ്ഞു. ഞങ്ങൾക്ക് അഞ്ച് ഔദ്യോഗിക ടൂർ ഗൈഡുകൾ മാത്രമേ ഉള്ളൂവെന്നും വോളണ്ടിയർമാർ വലിയ സഹായമായിരുന്നെന്നും അവർ പറഞ്ഞു. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എല്ലാം ഏകദേശം 100 വളന്റിയർമാരെ വരെ ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു.
പങ്കെടുക്കുന്നവർക്ക് പരന്പരാഗത അറബ് വസ്ത്രം ധരിക്കാൻ നൽകുന്നു. പള്ളിക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ആർക്കും അതിൽ ഒഴിവില്ലെന്നും അവർ വ്യക്തമാക്കി. അനുയോജ്യമായ വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല. എന്നാൽ മിക്കവർക്കും ഈ വസ്ത്രങ്ങൾ പരീക്ഷിച്ചതായും ഖാഫാഗി പറഞ്ഞു. കുട്ടികൾക്കായുള്ള വിഭാഗത്തിൽ ഡ്രോയിംഗ്, കല, കരകൗശലം എന്നിങ്ങനെയുള്ള പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പള്ളിയെക്കുറിച്ചും, പള്ളിയിലെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും സന്ദർശകർക്ക് വിവരണങ്ങൾ നൽകുന്നു. മുസ്ലീം പ്രാർത്ഥന, ഖുറാൻ, അറബി ഭാഷാ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരമുണ്ടെന്നും അവർ വ്യക്തമാക്കി.