ശിശു പീഡന കേസിൽ ഭാര്യക്കെതിരെ ഭർത്താവ് തെളിവ് നൽകും

മനാമ : സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച സ്ത്രീക്കെതിരെ 2018 സപ്തംബർ 5ന് ഭർത്താവ് തെളിവ് നൽകും. തന്റെ കുഞ്ഞിനെ പീഡിപ്പിച്ചതിനാണ് 26കാരി അറസ്റ്റിലായത്. പതിനാല് മാസം പ്രായമുള്ള പെൺകുട്ടിയെ ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ കാലുകളിലും സ്വകാര്യഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് പൊള്ളലിന് പുറമേ തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ ഭർത്താവ് പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദന്പതികൾക്ക് ഏഴ് വയസുള്ള മറ്റൊരു ആൺ കുട്ടികൂടെയുണ്ടെന്ന് കേസിൽ വാദിയായ ഭർത്താവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ഖലീഫ അൽ ഷാജ പറഞ്ഞു. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിന് ഇയാൾ ഭാര്യയ്ക്കെതിരെ നേരത്തെ കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ ഇടപെട്ട് കേസ് പിൻവലിക്കുകയായിരുന്നു. വീണതിനെത്തുടർന്നാണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞെതെന്നായിരുന്നു ഇവരുടെ വാദം.
രണ്ടാമത്തെ സംഭവം നടന്ന ദിവസം ഭർത്താവ് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ കുഞ്ഞിനെ കിടക്കയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടു. ചോദിച്ചപ്പോൾ കുഞ്ഞിന് പനിയാണെന്ന് പ്രതി പറഞ്ഞു. പുതപ്പ് നീക്കം ചെയ്തപ്പോൾ കുഞ്ഞിന് പൊള്ളലേറ്റതായി കണ്ടു. പീഡനം നേരിട്ട കുഞ്ഞിന് ഇപ്പോൾ 10 ശതമാനം വൈകല്യമേറ്റിട്ടുണ്ട്. അതേസമയം, കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ ചൂട് വെള്ളത്തിന്റെ ടാപ് അബദ്ധത്തിൽ തുറന്നതായും കുഞ്ഞിന് പൊള്ളലേറ്റതായും യുവതി പ്രോസിക്ക്യൂഷനോട് പറഞ്ഞു. എന്നാൽ യുവതിയുടെ മൊഴി തള്ളിക്കളഞ്ഞ പ്രോസിക്ക്യൂഷൻ പെൺകുട്ടിയെ ഉപദ്രവമേൽപ്പിച്ചതിന് യുവതി വിചാരണ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.