മന്നം ബാലകലോത്സവത്തിന് പരിസമാപ്തി

മനാമ : ബഹ്റൈൻ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച മന്നം ബാലകലോത്സവം മന്ദാരപൂക്കൾവിപുലമായ പരിപാടികളോടെ നടന്നു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയായിരുന്നു. കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് പന്പാവാസൻ നായർ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി മനോജ്കുമാർ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹനൻ, കലാവിഭാഗം സെക്രട്ടറി സന്തോഷ് കയറാട്ട്, ബാലകലോത്സവം കൺവീനർ സതീഷ് നാരായണൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ബാലകോത്സവം മന്ദാരപൂക്കൾ കലാതിലകം അനഘ എസ്. ലാൽ, കലാപ്രതിഭ ശൗര്യ ശ്രീജിത്ത്, ഗ്രൂപ്പ് ചാന്പ്യന്മാരായ അതുൽ കൃഷ്ണൻ, ആദിശ്രീ സോണി, അക്ഷയ പിള്ള, വേദിക സുരേഷ് എന്നിവരേയും വേദിയിൽ ആദരിച്ചു. സംസ്കൃത രത്നമായി മാധവ് ഹരീഷും, സാഹിത്യ രത്നയായി സാധിക മുരളീധരനും, സംഗീത രത്നമായി ശ്രീദക്ഷയും, നാട്യരത്നമായി അൻസു സുജിയും ആദരിക്കപ്പെട്ടു. തുടർന്ന് മത്സര വിജയികൾക്ക് ഉപഹാരം നൽകി.
കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ മലയാള കവിതാ പുരസ്കാരം ആദർശ് മാധവൻകുട്ടിക്ക് നൽകി ആദരിച്ചു. കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സിബി ഇലവുപാലം, മൂന്നാം സ്ഥാനം നേടിയ മനുകാരയാട്, ജൂറി പരാമർശം നേടിയ മായാ കിരൺ, ഡോ. ജിഷ ജ്യോതിസ് എന്നിവർക്കും പുരസ്കാരം നൽകി ആദരിച്ചു. വേദിയിൽ കലാത്സവ പ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി. നാനൂറിൽപരം കുട്ടികളാണ് മന്ദാരപൂക്കൾ മന്നം ബാലകലോത്സവത്തിൽ പങ്കെടുത്തത്.