വഴിയാത്രക്കാർക്ക് നേരെ തുപ്പി പോക്കറ്റടിക്കുന്ന വിരുതൻ പിടിയിൽ

മനാമ : വഴിയാത്രക്കാരുടെ വസ്ത്രത്തിൽ തുപ്പുകയും തുടർന്ന് മാപ്പു ചോദിച്ചു വസ്ത്രം തുടച്ചു കൊടുക്കുന്നതിനിടെ പോക്കറ്റടിക്കുകയും ചെയ്യുന്ന സംഘത്തിലെ ഒരു വിരുതൻ ഇന്നലെ സെൻട്രൽ മാർക്കറ്റിൽ വെച്ച് പിടിയിലായി. മനാമ, ഹൂറ, ഗുദൈബിയ ഭാഗങ്ങളിൽ നിരവധി പേരുടെ പണം കവർച്ച ചെയ്ത എത്യോപ്യൻ സ്വദേശിയെയാണ് ഇന്നലെ സെൻട്രൽ മാർക്കറ്റിൽ വെച്ച് സമാനമായ രീതിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇതിനു മുൻപും ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ മലയാളിയെ തന്നെ വീണ്ടും കവർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സെൻട്രൽ മാർക്കറ്റിലെ വ്യാപാരികളുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ഗുദൈബിയ, ഹൂറ എന്നിവിടങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതും ഇപ്പോൾ പിടിയിലായ എത്യോപ്യൻ സ്വദേശി ഉൾപ്പെട്ട സംഘമാണെന്ന് കരുതുന്നതായി കവർച്ചക്കിരയായവർ പറഞ്ഞു.
കാൽനടക്കാരായ യാത്രക്കാരെ സസൂക്ഷ്മം വീക്ഷിച്ചതിനു ശേഷം കൂടെ നടക്കുകയും അറിയാതെ സംഭവിച്ചുപോയതെന്ന വ്യാജേന ദേഹത്ത് തുപ്പുകയാണ് ഇവരുടെ ആദ്യ പരിപാടി. തുപ്പൽ വസ്ത്രത്തിൽ എവിടെയെങ്കിലും വീണാൽ പിന്നെ കാലു പിടിക്കലും മാപ്പപേക്ഷിക്കലുമായി. തുടർന്ന് കൈയ്യിൽ കരുതിയ
കർച്ചീഫ് കൊണ്ട് തുപ്പൽ വീണ ഭാഗം തുടച്ചു കൊടുക്കുകയും ചെയ്യും. അനുവാദം പോലും ചോദിക്കാതെ നടത്തുന്ന ഈ ‘മാന്യ’ പ്രവർത്തിയിൽ മയങ്ങി നിൽക്കുന്പോഴേയ്ക്കും ഷർട്ടിന്റെയോ പാന്റിന്റെയോ പോക്കറ്റിലുള്ള പണം ഇവർ കൈക്കലാക്കിയിരിക്കും. കഴിഞ്ഞ ആഴ്ച മലയാളികൾ അടക്കമുള്ള നിരവധി പേരുടെ പണമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.വ്യാപാരികൾ ചേർന്ന് പിടികൂടിയ പ്രതിയെ സാമൂഹ്യ പ്രവർത്തകനായ സലാം മന്പാട്ട്മൂലയുടെ നേതൃത്വത്തിൽ പോലീസ് േസ്റ്റഷനിൽ എത്തിച്ചിരിക്കുകയാണ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ സഞ്ചരിച്ചതായി കരുതുന്ന കാറും അതിനകത്തുള്ള വലിയ ബാഗും പോലീസ് കണ്ടെടുത്തിട്ടുണ്ട്.