ബി.കെ.എസ് കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

മനാമ : ഫുട്ബോൾ ലോകകപ്പിന്റെ വരവറിയിച്ചുകൊണ്ട് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫൈവ് എ സയിഡ് ഫുട്ബോൾ മത്സരത്തിൽ ആദിത്യ ഋത്വിക്, കരൺ, സംഗീത്, അമൽ, മത്തായി എന്നിവർ അടങ്ങിയ ഈജിപ്ത്, റിച്ചിൻ, പ്രണവ്, ജോയൽ, ആകാഷ്, അദ്വൈത്, ആദിത്യ, അശ്വിൻ എന്നിവരടങ്ങിയ ഫ്രാൻസിനെ തകർത്ത് കിരീടം സ്വന്തമാക്കി. ജോയൽ ജേക്കബ് മികച്ച താരമായും അമൽ എസ് മികച്ച ഗോളിയായും തിരഞ്ഞെടുത്തു. സമാജം ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എം.പി രഘു എന്നിവർ ചേർന്ന് മത്സരം കിക്കോഫ് ചെയ്തു.
വൈസ്പ്രസിഡണ്ട് മോഹൻ രാജ്, സമാജം ഇൻഡോർ ഗൈം സെക്രട്ടറി ഷാനിൽ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളും ചിൽഡ്രൻസ്-വിംഗ് സ്പോർട്സ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്പെയിൻ, ഈജിപ്ത്, പോളണ്ട്, ബ്രസീൽ, അർജന്റീന, ജർമ്മനി, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞിറങ്ങിയ ഫുട്ബാൾ താരങ്ങളെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ആദ്യ പാദ മത്സരത്തിൽ പോളണ്ടിനോട് പരാജയപ്പെട്ട് പുറത്തുപോയ ബ്രസീൽ കാണികളുടെ പ്രശംസയും മികച്ച ടീമിനുള്ള ഫെയർപ്ലെ ടീമിനുള്ള പ്രത്യേക സമ്മാനവും നേടി. ഫാരിസ്, അരുൺ വിനോദ് അനിൽ എ.ആർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. പി.വി രാധാകൃഷ്ണപിളള, എം.പി രഘു, ഫാത്തിമ ഖമ്മിസ്, വിനയചന്ദ്രൻ എന്നിവർ വിജയികൾക്കുളള ട്രോഫികൾ വിതരണം ചെയ്തു. ചിൽഡ്രൻസ്-വിംഗ് പ്രസിഡണ്ട് ആദിത്യ എസ്. മേനോൻ നന്ദി പറഞ്ഞു.