എഴുത്തുകാർക്ക് വേണ്ടത് പ്രണയമാണ് : വയലാർ ശരത്ചന്ദ്രവർമ്മ

രാജീവ് വെള്ളിക്കോത്ത്
എഴുത്തുകാർക്കും വായനക്കാർക്കും പ്രണയവും സൗന്ദര്യ ആരാധനയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ. കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ (എൻ എസ്എസ്) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്നം ബാലകലോത്സവം ഫിനാലെയുടെ ഉദ്ഘാടകനായി എത്തിയ അദ്ദേഹം ഫോർ പിഎം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എഴുത്തുകാർക്കു പ്രണയം വേണമെന്ന് തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കിയത്. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്പോൾ ഞാൻ ഒരു സുന്ദരിയായ പെൺകുട്ടിയെ നോക്കാൻ വിട്ടുപോയാൽ പോലും ഭാര്യയാണ് അത് കാണിച്ചുതരിക. വെറുതെ ഒരു കവിത കളയണ്ട എന്നുകരുതിയാണെന്ന് മാത്രം. അപ്പോൾ സൗന്ദര്യ ആസ്വാദനത്തിൽ നിന്നാണ് പലപ്പോഴും കവിതയുടെ ഉത്ഭവം ഉണ്ടാവുക. അതുപോലെ തന്നെയാണ് യാത്രകളും. ബഹ്റൈനിൽ എത്തിയതും അത്തരം യാത്രയുടെ ഭാഗമായിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ യാത്രയും പുതിയൊരു സൃഷ്ടിക്കുള്ള പ്രചോദനമാണുണ്ടാക്കിയത്. പ്രത്യേകിച്ച് ബഹ്റൈനിലെ ആദ്യത്തെ എണ്ണ ശേഖരം കണ്ടെത്തിയ സ്ഥലം സന്ദർശിച്ചത് വല്ലാത്ത ഒരനുഭവമാണ് മനസ്സിൽ കോറിയിട്ടത്. മഹാഭാരതയുദ്ധം കഴിഞ്ഞു കിടക്കുന്ന കുരുക്ഷേത്ര ഭൂമി പോലെയാണ് എനിക്ക് ആ പ്രദേശം തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിലാണ് ഒരു ഗാനം സിനിമയിൽ ചെയ്യാൻ കിട്ടുന്നതെങ്കിൽ തീർച്ചയായും ഹൃദയത്തിൽ തട്ടിയ ബഹ്റൈൻ സന്ദർശനം ആയ വരികളിൽ വരുമായിരുന്നു. പക്ഷെ സിനിമയ്ക്ക് വേണ്ടി എഴുതുന്പോൾ പലപ്പോഴും സംവിധായകൻ പറയുന്ന സന്ദർഭത്തിനനുസരിച്ചാണ് പാട്ടു എഴുതേണ്ടത് എന്നതിനാൽ സിനിമാഗാനങ്ങളിൽ അത്തരത്തിൽ ചില പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവിന്റെ പ്രണയങ്ങളെക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ ഭാവനയുടെ പത്തു ശതമാനം പോലും തനിക്ക് ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. വയലാറിന്റെ ഭാവനകളും ബിംബങ്ങളുമെല്ലാം ഒന്ന് ആലോചിച്ചാൽ മാത്രമേ അതിന്റെ വ്യാപ്തി എത്രയാണെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ. അദ്ദേഹം എത്ര ഉയരത്തിലാണെന്നു താൻ മനസ്സിലാക്കിയത് പോലും അദ്ദേഹം ജീവിതത്തിൽ നിന്ന് വിട പറഞ്ഞതിന് ശേഷം മാത്രമാണ്. വയലാറിന്റെ പുത്രൻ എന്ന് മലയാളികൾ തന്ന ആ വിളിയിലൂടെയാണ് അച്ഛന്റെ സർഗാത്മകത എത്രത്തോളമാണെന്ന് അവർ എന്നെ ബോധ്യപ്പെടുത്തി തന്നത്. ശരത്ചന്ദ്രവർമ്മ എന്ന ഗാനരചയിതാവിനേക്കാളേറെ വയലാറിന്റെ മകനെ അവർ സ്നേഹിക്കുന്നുണ്ട് എന്നതാകും ശരി എന്നും അദ്ദേഹം പറഞ്ഞു.ഈയൊരു സ്വീകരണം മറ്റൊരാൾക്കും ലഭിക്കുന്നില്ലെന്നതും സ്വകാര്യ അഹങ്കാരമാണ്. പിതാവ് സൂര്യനാണെങ്കിൽ ഞാൻ വെറും ചന്ദ്രനാണ്. മറ്റു ഗാനരചയിതാക്കളെ എല്ലാം അറിയാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ പോലും, കുറെയൊക്കെ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ മനസ്സിലാക്കാൻ കഴിയാത്ത അത്ഭുതപ്പെടുത്തിയ രചനകൾ സ്വന്തം പിതാവിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
വയലാർ രാമവർമ്മ ചലച്ചിത്ര ലോകത്ത് നിന്നും ജീവിതത്തിൽ നിന്നും വിടവാങ്ങി വർഷങ്ങൾക്കു ശേഷം ഒരു ഗാനരചയിതാവായി ചലച്ചിത്ര ലോകത്തു എത്തിയപ്പോൾ താൻ എഴുതിയ പല രചനകളും ‘അടിച്ചു മാറ്റി’യതാണെന്നു പലരും പറഞ്ഞു. പിന്നീട് അതേ നാവുകളെക്കൊണ്ട് തന്നെ മാറ്റിപ്പറയിപ്പിക്കാനും കഴിഞ്ഞു. എഴുത്തുകാരന്റെ മക്കൾ എഴുത്തുകാരൻ ആയി വരുന്ന ഒരു പാരന്പര്യം ഇതിനു മുൻപ് കാണാത്തതു കൊണ്ടായിരിയ്ക്കാം അത്തരം ചില വിമർശനങ്ങൾ തനിക്കു നേരെ ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വയലാറിന്റെ മകൻ എന്നുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടി നിറവേറ്റാൻ കഴിഞ്ഞത് പത്തിൽ താഴെ ശതമാനം മാത്രമാണ്. അദ്ദേഹത്തിന്റെ രചനകൾ പോലെയോ ഭാവന പോലെയോ തനിക്ക് എത്തിപ്പെടാൻ ഇനിയും കഴിഞ്ഞിട്ടില്ല. എങ്കിലും എഴുതിക്കഴിഞ്ഞ പാട്ടുകൾ എല്ലാം സംതൃപ്തി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈണമിട്ട് വരികൾ എഴുതുന്ന രീതി സർവ്വസാധാരണമായെന്നും അവിടെയും എഴുത്തുകാരുടെ സ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്നും പക്ഷെ സിനിമയുടെ സാഹചര്യത്തിന് വേണ്ടി സംഗീത സംവിധായകൻ കണ്ടെത്തുന്ന ഈണം ചലച്ചിത്ര സംവിധായകനും മറ്റും കുറച്ചു കൂടി മുൻകൂട്ടി കാര്യങ്ങൾ ഗ്രഹിക്കുന്നതിനു എളുപ്പമാകുമെന്നത് കൊണ്ട് എഴുത്തുകാരും ഇപ്പോൾ അത്തരത്തിലാണ് ചെയ്യുന്നത്. മാറ്റങ്ങൾ എല്ലാ മേഖലയിലും ഉള്ളതുപോലെ തന്നെ ചലച്ചിത്ര മേഖലയിലും ഉണ്ട്.മാറ്റങ്ങൾ എന്തായാലും പാട്ടുകൾ നിലനിൽക്കുക എന്നതിലാണ് പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു. ഗാനങ്ങളുടെ രചനയ്ക്ക് പലപ്പോഴും പ്രാധാന്യം നൽകുന്നില്ലെന്നും ചാനൽ ചർച്ചകളിൽ പോലും സംഗീത സംവിധാനത്തിനോ സംവിധായകർക്കോ നൽകുന്ന പ്രാധാന്യം ഗാനരചയിതാക്കൾക്ക് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നന്നായി വായിക്കുക, കിട്ടുന്ന അറിവുകൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക എന്നതാണ് എഴുത്തുകാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.