പള്ളിയിൽ മോഷണ ശ്രമം : മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ

മനാമ : ഹിദ് പ്രദേശത്തെ പള്ളിയിലെ സംഭാവന ബോക്സുകളിൽ നിന്ന് പണം മോഷ്ടിച്ച മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തായി മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ് അറിയിച്ചു. കുട്ടികൾ പള്ളിയുടെ അകത്തേയ്ക്ക് കടക്കുന്നതും, പണം മോഷ്ടിക്കുന്നതുമായ ദൃശങ്ങളടങ്ങിയ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മാത്രമല്ല പള്ളിക്കകത്ത് വെച്ച നിരീക്ഷണ ക്യാമറകളിൽ കുട്ടികൾ സംഭാവന ബോക്സുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മുഹറഖ് പോലീസ് ഈ മൂന്ന് പേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഈ വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ മോഷണ വാർത്തയുമായി നിരവധി പ്രതികരണങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. ഈദിനോടനുബന്ധിച്ച് പലരും കുട്ടികൾക്ക് മാപ്പ് നൽകണമെന്ന ആവശ്യവുമായാണ് വന്നിട്ടുള്ളത്. എന്നാൽ മറ്റ് ചിലർ കുട്ടികളുടെ പേര് വെളിപ്പെടുത്തണമെന്നും, അപമാനകരമാണെന്നും, ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത് എന്ന ആവശ്യവും പലരും ഉന്നയിക്കുന്നുണ്ട്. മുൻപ് ബുദയ്യ, ഹമദ്ടൗൺ എന്നീ പ്രദേശങ്ങളിൽ 1000 ദിനാർ വരെ സംഭാവന ബോക്സുകളിൽ നിന്നും മോഷണം നടന്നിട്ടുള്ളതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.