ഈദ് കാലത്ത് കൂടുതൽ പുതിയ നോട്ടുകൾ ആവശ്യമുണ്ടെന്ന് മാതാപിതാക്കൾ

മനാമ : ഈദിയയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ നോട്ടുകൾ നൽകുന്നതിന് ഈദ് കാലത്ത് കൂടുതൽ നോട്ടുകൾ അച്ചടിക്കണമെന്ന് ബഹ്റൈൻ സെൻട്രൽ ബാങ്കിനോട് (സിബിബി) മാതാപിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ഈദിയ നൽകുന്നതിന് മുന്പ് പല മാതാപിതാക്കളും പഴയതും ചുളിവുകളുള്ളതുമായ നോട്ടുകൾ തേപ്പുപെട്ടി ഉപയോഗിച്ച് ചുളിവുകൾ നിവർത്തിയാണ് എടുക്കുന്നത്. പുതിയ വസ്ത്രങ്ങൾക്കൊപ്പം പുതിയ നോട്ടുകളും കിട്ടുന്നത് കുട്ടികളുടെ സന്തോഷം വർദ്ധിപ്പിക്കുമെന്ന് മാതാപിതാക്കളുടെ പ്രതിനിധി മറിയം അബ്ബാസ് പറഞ്ഞു.
ഈദ് ദിനത്തിന് രണ്ട് ദിവസം മുൻപേ ഒരു ദിനാറിന്റെയും 500 ഫിൽസിന്റെയും പുതിയ നോട്ടുകൾക്കായി മാതാപിതാക്കൾ ബാങ്കുകൾ സന്ദർശിക്കാൻ തുടങ്ങി. എന്നാൽ തങ്ങളുടെ പക്കൽ പുതിയ നോട്ടുകൾ ഉണ്ടാകില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു. പുതിയ നോട്ടുകൾ ആവശ്യമുള്ള കുട്ടികളെ പഴയ നോട്ടുകൾകൊണ്ട് സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന് അബ്ദുൽസഹ്റ ഹസ്സൻ പറഞ്ഞു.
പുതിയ നോട്ടുകൾ ലഭിക്കാൻ പലയിടത്തും അലഞ്ഞെങ്കിലും പരാജയപ്പെട്ടു. ഈദ് കാലത്ത് ഒരു ദിനാറിന്റെയും 500 ഫിൽസിന്റെയും കൂടുതൽ നോട്ടുകൾ അച്ചടിക്കണം. പുതിയ നോട്ടുകൾ നൽകി തന്റെ കുട്ടികളെ സന്തോഷിപ്പിക്കുന്നതിൽ പരാജയപ്പെട്ട അലി അബ്ദുള്ള പറഞ്ഞു. അടുത്ത ഈദിന് കുട്ടികളെ സന്തോഷിപ്പിക്കാൻ ഇപ്പോഴേ പുതിയ നോട്ടുകൾ ശേഖരിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് പുതിയ നോട്ടുകൾ ലഭിച്ചിരുന്നെന്നും എന്നാൽ ഈ വർഷം കിട്ടിയില്ലെന്നും അബ്ബാസ് മൻസൂർ പറഞ്ഞു. ഈദ് കാലത്ത് സിബിബി കൂടുതൽ നോട്ടുകൾ അച്ചടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.