അറ്റകുറ്റപണികൾക്കായി ആശുപത്രി അടച്ചുപൂട്ടി

മനാമ : സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്വകാര്യ ആശുപത്രി മൂന്ന് മാസത്തേക്ക് “അറ്റകുറ്റപ്പണികൾക്ക്” എന്ന പേരിൽ താൽക്കാലികമായി അടച്ചിടും. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റിയുടെ (എൻഎച്ച്ആർഎ) പ്രസ്താവനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഉടമയുടെ അഭ്യർത്ഥന പ്രകാരം ആശുപത്രി താൽക്കാലികമായി മൂന്ന് മാസത്തേയ്ക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. മറിയം അൽ ജലഹ്മാ പറഞ്ഞു. എൻ.എച്ച്.ആർ.എയുടെ ഇൻസ്പെക്ടർമാരുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രിക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും അതിനാൽ താൽക്കാലികമായി അടച്ചിടുന്നതിന് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഉടമ എൻ.എച്ച്.ആർ.എയ്ക്ക് കത്തയച്ചതായും അവർ പറഞ്ഞു.
ആശുപത്രി നിലവിൽ അടച്ചതായും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒ.പി വിഭാഗം മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കൂ എന്നും അൽ ജലഹ്മാ പറഞ്ഞു. 40 വർഷം മുൻപ് സ്ഥാപിക്കപ്പെട്ടതാണ് തലസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായുള്ള ഈ ആശുപത്രി. കഴിഞ്ഞ ഏതാനും വർഷങ്ങളായി സാന്പത്തിക ബാധ്യതകൾ നേരിട്ടതിനാൽ ജീവനക്കാരുടെ ശന്പളം നൽകാനായിരുന്നില്ല. കൂടാതെ, 18 മാസമായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് പല ജീവനക്കാരും ജോലി ചെയ്യാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ പെർമിറ്റ് എൻ.എച്ച്.ആർ.എ സസ്പെൻഡ് ചെയ്തതായും വൈദ്യുതിയും ടെലിഫോൺ ലൈനും കട്ട് ചെയ്തത് കാരണമാണ് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നിറുത്തിവെച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.