ദാസ്യവേല വിവാദം : എ.ഡി.ജി.പി സുധേഷ് കുമാറിനെ മാറ്റി

തിരുവനന്തപുരം : പോലീസിലെ ദാസ്യവേല വിവാദത്തിൽ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ കർശ്ശന നടപടി. പോലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തെതുടർന്ന് വിവാദത്തിലായ സുധേഷ് കുമാറിനെ ആംഡ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി.
സ്ഥലം മാറ്റിയ സുധേഷ് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല. സുധേഷ് കുമാറിന്റെ ഒഴിവിൽ എ.ഡി.ജി.പി ആനന്ദകൃഷ്ണന് ബറ്റാലിയന്റെ ചുമതല നൽകിയിട്ടുണ്ട്. ബാറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട സുധേഷ് കുമാറിനെ പോലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് സൂചന. ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ ഡെപ്യൂട്ടേഷനിൽ അദ്ദേഹത്തെ നിയമിക്കുമെന്ന് വിവരം.
എ.ഡി.ജി.പിയും അദ്ദേഹത്തിന്റെ കുടുംബവും ക്യാന്പ് ഫോളോവേഴ്സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് എ.ഡി.ജി.പിയുടെ മകൾ പോലീസ് ഡ്രൈവറെ പൊതുനിരത്തിൽ െവച്ചു കൈകാര്യം ചെയ്തത്.
എ.ഡി.ജി.പിയുടെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ദിച്ചെന്ന് പരാതി നൽകിയതോടെയാണ് പോലീസ് ഉന്നതരുടെ കീഴിലെ ദാസ്യപ്പണി മറനീക്കി പുറത്തുവന്നത്. എ.ഡി.ജി.പിയുടെ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കൾക്ക് ചതവേറ്റതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. വേദനയും നീർക്കെട്ടും മാറാൻ ആറാഴ്ചയോളം സമയമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.