ഈദിയയുടെ പേരിൽ കുട്ടികൾ ഭിക്ഷാടനം നടത്തുന്നത് മാതാപിതാക്കൾ തടയണമെന്ന് നിർദ്ദേശം

മനാമ : ഈദ് അവധി ദിനങ്ങളിൽ പണം ആവശ്യപ്പെട്ട് തെരുവുകളിൽ അലഞ്ഞുതിരിയുന്ന കുട്ടികളെ അവരുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഭിക്ഷാടനം ഈദ്ഉൽ ഫിത്തറിന്റെയും ഈദ്ഉൽ അദ്ഹാ ആഘോഷങ്ങളുടെയും സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശല്യമായി മാറിയിട്ടുണ്ട്. തിരക്കേറിയ ചില ട്രാഫിക്കുകളിൽ ട്രാഫിക് സിഗ്നലുകൾക്ക് സമീപം നിൽക്കുന്ന കുട്ടികൾ സിഗ്നൽ ചുവപ്പായാൽ ഉടനെ നിർത്തിയിട്ടിരിക്കുന്ന കാറുകളിലുള്ളവരിൽനിന്നും പണം തേടുന്നു. ഭിക്ഷക്കാരുടെ രീതിയോട് സാമ്യമുള്ള രംഗമാണിത്. അറബികളുടെ ശീലങ്ങളും പാരന്പര്യങ്ങളും അനുസരിച്ച്, ഈദ് ദിനങ്ങളിൽ, പണം ഉൾപ്പെടെ കുട്ടികൾക്ക് നൽകുന്ന സന്പ്രദായം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൈമാറുന്നതാണ്. ഇത് ഇദിയ എന്നാണ് അറിയപ്പെടുന്നത്.
അത്തരം പാരന്പര്യങ്ങൾ ബഹ്റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. കുടുംബ സന്ദർശന വേളയിൽ കുട്ടികൾക്ക് ഈദിയ നൽകാറുണ്ട്. ചില രാജ്യങ്ങളിൽ കുട്ടികൾ അയൽക്കാരുടെ വീടുകളിൽനിന്നും ഈദിയ ആവശ്യപ്പെടാറുണ്ട്. ബഹ്റൈൻ സമൂഹത്തിന് ഈ പ്രവണത ചേരുന്നതല്ലെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു. ഇത് ബഹ്റൈൻ ജനതയുടെ ആചാരമല്ലെന്നും ബഹ്റൈനിൽ താമസിക്കുന്ന മറ്റ് അറബ് സമുദായക്കാർ ഇവിടെ കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളും പാരന്പര്യങ്ങളും പിതാക്കൻമാരിൽ നിന്ന് പാരന്പര്യമായി സ്വീകരിച്ചിരുന്നതാണ്. പൂർവ്വികർ അത് മക്കളിലേയ്ക്കും കൈമാറിയിട്ടുണ്ട്. എന്നാൽ ഈദിയ ആവശ്യപ്പെടുന്നതും ഭിക്ഷാടനവും രണ്ട് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണെന്നും അൽ സിനാൻ പറഞ്ഞു.
ട്രാഫിക് സിഗ്നലുകളിലെ ഈ പെരുമാറ്റം വളരെ അപകടകരമാണ്. ചില ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകാനും അത് അശ്രദ്ധമായ ഡ്രൈവിംഗിന് കരണമാകാനും ഇടയാകും. ഇത് അപകടങ്ങളിലേയ്ക്ക് നയിച്ചേക്കാം. കുട്ടികൾ എല്ലാ ദിശകളിൽ നിന്നും കാർ വളയുന്നതിനാൽ ഡ്രൈവർമാർക്ക് ഇവരെ കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അൽ സീനാൻ പറഞ്ഞു. ഇത്തരം അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തടയണമെന്നും അദ്ദേഹം പറഞ്ഞു.