ശന്പളം ലഭിക്കാത്ത തൊഴിലാളികൾ തെരുവിലിറങ്ങുന്നു

മനാമ : കന്പനികളിൽ നിന്നും മാസങ്ങളായി ശന്പളം ലഭിക്കാത്ത തൊഴിലാളികൾ തെരുവിലിറങ്ങുന്നത് പലപ്പോഴും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി കന്പനികളിലെ തൊഴിലാളികളാണ് ഇത്തരത്തിലുള്ള ഒരു സമര മുറയിലേയ്ക്ക് നീങ്ങിയത്. ഒരാഴ്ച മുൻപ് സിത്രയിലെ ഒരു കൺസ്ട്രക്ഷൻ കന്പനിയിലെയും ഇന്നലെ ടൂബ്ലിയിലെ പ്രമുഖ കന്പനിയിലെ തൊഴിലാളികളും ശന്പളം ലഭിക്കാത്തതിന്റെ പേരിൽ തെരുവിലിറങ്ങിയിരുന്നു. ഇന്നലെ ടൂബ്ലിയിലെ ലേബർ ക്യാന്പിൽ നിന്ന് ഡിപ്ലോമാറ്റിക്ക് ഏരിയയിലെ തൊഴിൽ മന്ത്രാലയത്തിലേയ്ക്ക് നടന്നു നീങ്ങിയ തൊഴിലാളികൾ വഴി തെറ്റി ഗുദൈബിയ അമേരിക്കൻ മിഷൻ ആശുപത്രിക്ക് മുന്നിൽ എത്തിയതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. നൂറുകണക്കിന് തൊഴിലാളികൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങി നടക്കുന്നത് ഗതാഗത തടസ്സം ഉണ്ടാകുന്നതിനും അതുവഴി പോലീസിന് ഇടപെടേണ്ടി വരുന്നതിലേയ്ക്കും കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഈ ഭാഗത്ത് എത്തിച്ചേർന്നത്. മാസങ്ങളായി തങ്ങൾക്ക് ശന്പളം ലഭിക്കുന്നില്ലെന്നും അതോടെ തങ്ങൾ ദുരിതക്കയത്തിലാണെന്നും പല തവണ തങ്ങളുടെ മാനേജ്മെന്റിനോട് ഇക്കാര്യം പറഞ്ഞിട്ടും ഫലമില്ലാതായതോടെയാണ് തങ്ങൾ തൊഴിൽ മന്ത്രാലയത്തിലേയ്ക്ക് കൂട്ടത്തോടെ പോകാൻ തീരുമാനിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. ശന്പളം ലഭിക്കാത്ത 350ഓളം തൊഴിലാളികളാണ് തങ്ങളുടെ ക്യാന്പിൽ മാത്രം ഉള്ളതെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ജനുവരി മുതൽ ശന്പളമില്ലാതെ തങ്ങൾ ജോലി ചെയ്യുകയാണെന്നും ഒരു കുപ്പി വെള്ളം വരെ വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണ് തങ്ങളുടേതെന്നും ഒരു തൊഴിലാളി പറഞ്ഞു. തൊഴിലാളികളെ തടഞ്ഞ പോലീസ് തൊഴിൽ മന്ത്രാലയത്തിൽ വിവരം അറിയിക്കുകയും പിന്നീട് തൊഴിലാളികളെ പോലീസ് നിർദ്ദേശിച്ച പ്രകാരം കന്പനിയുടെ വാഹനത്തിൽ ലേബർ ക്യാന്പിലേയ്ക്ക് തന്നെ മടക്കി അയക്കുകയുമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളി പ്രതിനിധികൾ ലേബർ ഓഫീസിൽ എത്തി പരാതി ബോധിപ്പിച്ചു. കന്പനി ഉടമകളുമായി സംസാരിച്ചുവെന്നും തൽക്കാലം ഒരു മാസത്തെ ശന്പളമെങ്കിലും തൊഴിലാളികൾക്ക് നൽകാൻ ധാരണയായതായും തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സബാ അൽ ദോസരി വ്യക്തമാക്കി.
വിസാകാലാവധി കഴിഞ്ഞതും ജോലി ഇല്ലാത്തതുമായ നൂറുകണക്കിന് തൊഴിലാളികൾ ഇപ്പോഴും കന്പനിയിൽ ഉണ്ടെന്നും അവരെ എത്രയും പെട്ടെന്ന് നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിക്കാനും കന്പനിയോട് ആവശ്യപ്പെട്ടതായും അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ കാര്യത്തിൽ വേണ്ടുന്ന നടപടികൾ എടുക്കാൻ ഇന്ന് കന്പനി പാർട്ട്ണർമാരെ തൊഴിൽ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ശന്പള കുടിശ്ശിക കൊടുത്ത് തീർക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സമ്മതപത്രം കന്പനി അധികൃതരിൽ നിന്നും ഒപ്പിട്ട് വാങ്ങുമെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു.
കന്പനിക്കുണ്ടായ സാന്പത്തിക പ്രശ്നമാണ് ശന്പളം നൽകാതിരിക്കാൻ കാരണമെന്നും തൊഴിലാളികളുമായി മറ്റ് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളില്ലെന്നും തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി വ്യക്തമാക്കി. തൊഴിലാളികൾക്ക് വേണ്ടി അതാത് എംബസികളും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
അടിക്കടി ഉണ്ടാകുന്ന ഇത്തരം സമരങ്ങളിൽ കൂടുതലും ഇന്ത്യക്കാരായ തൊഴിലാളികളാണ് ഉണ്ടാകുന്നത്. സമരങ്ങളോ ജാഥകളോ ഇല്ലാത്ത രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തൊഴിൽ ബഹിഷ്കരണവും മാർച്ചും ഇന്ത്യക്കാരെ സാരമായി ബാധിക്കും എന്നാണ് സാമൂഹ്യ പ്രവർത്തകർ വിലയിരുത്തുന്നത്. പല കന്പനികളും നഷ്ടം സഹിച്ചും മുന്നോട്ട് പോകുന്നത് ഏത് വിധേനയും നഷ്ടം നികത്തി പുതിയ പ്രോജക്റ്റുകൾ ലാഭത്തിലാക്കാമെന്നുള്ള പ്രതീക്ഷയിലാണ്. തൊഴിലാളികളാവട്ടെ സാന്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതോടെ നിൽക്കക്കളിയില്ലാതാവുകയും സമരം ചെയ്യാൻ നിർബന്ധിക്കപ്പെടുകയുമാണ്. പല കന്പനികളും പൂർത്തിയാക്കിയ പദ്ധതികളുടെ പണം ലഭിക്കാത്തതാണ് തൊഴിലാളികൾക്ക് ശന്പളം കൊടുക്കാൻ കഴിയാത്തതെന്ന് പറയുന്പോൾ തുച്ഛമായ ശന്പളത്തിന് ജീവിക്കുന്ന തൊഴിലാളികൾ നിത്യവൃത്തിക്ക് പോലും വകയില്ലാതെ തെരുവിലിറങ്ങാൻ നിർബന്ധിക്കപ്പെടുകയാണ്.