ജീവകാരുണ്യത്തിന് വേണ്ടി ‘പ്രതീക്ഷ’യുടെ പാചകമത്സരം

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ബഹ്റൈൻ (ഹോപ്പ്) എന്ന സംഘടന ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഈ മാസം 29ന് വൈകീട്ട് 3 മണി മുതൽ ‘ഇന്ത്യൻ ക്ലബ്ബുമായി’ സഹകരിച്ച് പ്രവാസി കുടുംബിനികൾക്കായി പാചക മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘രുചി അരങ്ങ് 2018’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പാചക വിദഗ്ദ്ധൻ ഷെഫ്. നൗഷാദ് ആയിരിക്കും മുഖ്യവിധികർത്താവ്. പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികളും തുടർന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടായിരിക്കും. പരിപാടി 10 മണിയോട് കൂടി അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും 33401786, 34338436, 36111478 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജാതി−-മത-−രാഷ്ട്രീയ-−ലിംഗ ചിന്തകൾക്കതീതമായി മാനുഷിക പരിഗണന മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന ‘പ്രതീക്ഷ ബഹ്‌റൈൻ’ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘പ്രതീക്ഷയുടെ’ പ്രഖ്യാപിത ലക്ഷ്യങ്ങളായ ‘ഗൾഫ് കിറ്റ്’, ‘കൂട്ടുകാരനൊപ്പം ഭക്ഷണം’, ‘സഹസ്നേഹിതന് വസ്ത്രം’ തുടങ്ങി ഈ കാലയളവിലെല്ലാം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്.
പ്രതീക്ഷയുടെ സ്ഥിരം അംഗങ്ങളുടെ നിർലോഭമായ സഹായസഹകരണവും, കൂടാതെ സമാനമനസ്കരായ മറ്റ് സംഘടനകളുടെ പിൻബലത്തിലുമാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും, ഇനിയും അശരണരും ആലംബഹീനരുമായ ധാരാളം പ്രവാസികളെ സഹായിക്കാനും ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് തിരികെ കൊണ്ടുവരാനും മൂലധനം ആവശ്യമാണെന്നും പത്രസമ്മേളന
ത്തിൽ പറഞ്ഞു.
ഇത്തരം ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ‘പ്രതീക്ഷയുടെ’ ആഭിമുഖ്യത്തിൽ ആദ്യമായി ഒരു പൊതുപരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതിന് വേണ്ടി കെ.ആർ നായർ, ചന്ദ്രൻ തിക്കോടി തുടങ്ങിയവർ രക്ഷാധികാരികളും, നിസാർ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര എന്നിവർ ചെയർമാൻമാരുമായ ഒരു സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടന്നുവരുന്നതായും പത്രസമ്മേളനത്തിൽ അറിയിച്ചു.
കൺവീനർമാരായി ഷബീർ മാഹി, മനോജ് സാംബൻ, ഷിബു പത്തനംതിട്ട, സിബിൻസലിം, അസ്കർ പൂഴിത്തല, അനീഷ് വർഗ്ഗീസ്, അജിത് ഭാസി, വിനു ക്രിസ്റ്റി ട്രെഷറർ ജയേഷ് കുറുപ്പ് തുടങ്ങിയവർ പ്രവർത്തിക്കുന്ന സേവന−സഹായങ്ങൾക്ക് ധനസമാഹരണവും, ജീവകാരുണ്യമേഖലയിലേയ്ക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ കൂടുതൽ ആകർഷിക്കുകയാണ് ‘പ്രതീക്ഷ’ ലക്‌ഷ്യം വെയ്ക്കുന്നത്.ഏകദേശം നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ‘രുചി അരങ്ങു 2018’ എന്ന ഈ പരിപാടിക്ക് എല്ലാവരുടെയും സഹായസഹകരണ ങ്ങളും പിന്തുണയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
രക്ഷാധികാരി ചന്ദ്രൻ തിക്കോടി, ചെയർമാൻ നിസാർ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രതിനിധി നന്ദകുമാർ, അജിത് ഭാസി, ഹോപ് പ്രസിഡണ്ട് സിബിൻ സലിം, സെക്രട്ടറി അസ്കർ പൂഴിത്തല, കൺവീനർ ഷിബു പത്തനംതിട്ട തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.