വാ­ടകനി­രക്ക് വർ­ദ്ധനവ് വ്യാ­പാ­ര മേ­ഖലയെ ബാ­ധി­ക്കു­ന്നു­


മനാമ : മനാമയിലെ നിരവധി കെട്ടിട ഉടമകൾ കടകളുടെ വാടക നിരക്കുകൾ വർദ്ധിപ്പിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു. പൊതുവെ വ്യാപാരം കുറഞ്ഞ കാലഘട്ടത്തിൽ കെട്ടിട ഉടമകളുടെ ഭാഗത്തു നിന്ന് വാടക കൂട്ടാനുള്ള നീക്കം തീർത്തും ദൗർഭാഗ്യകരമാണെന്ന് വ്യാപാരികൾ പറയുന്നു. നിലവിലെ വൈദ്യുതി ചാർജ്ജ്, വാടകനിരക്ക് എന്നിവയും മറ്റു ചിലവുകളും കൊണ്ടുതന്നെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ 50 ശതമാനത്തിൽ അധികം വാടക നിരക്ക് കൂട്ടാനുള്ള കെട്ടിട ഉടമകളുടെ ശ്രമം ഉപേക്ഷിക്കണമെന്നും ഇക്കാര്യത്തിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. 

സ്‌കൂൾ അദ്ധ്യയന വർഷാരംഭം ആയതിനാൽ സ്‌കൂൾ േസ്റ്റഷനറി ഒഴികെയുള്ള വ്യാപാരങ്ങൾ പൊതുവെ മന്ദഗതിയിലാണ് ഇപ്പോഴെന്ന് മനാമയിലെ വ്യാപാരികൾ പറയുന്നു. ടൂറിസം സീസണിന്റെ ഭാഗം ആയിരുന്നിട്ടു കൂടി രാത്രി കാലമായാൽ ഈ ഭാഗങ്ങളിൽ ഷോപ്പിംഗിനെത്തുന്നവരുടെ എണ്ണം മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. വരുംനാളുകളിലെ കച്ചവടം പ്രതീക്ഷിച്ചു നഷ്ടം സഹിച്ചും മുന്നോട്ട് പോകുന്ന ചെറുകിട കച്ചവടക്കാർക്ക് വാടക നിരക്കിലുള്ള വർദ്ധനവ് ഒരിക്കലും താങ്ങാനാകുന്നില്ല. മുന്പ് മലയാളികളുടെ ആധിപത്യത്തിലായിരുന്ന ചെറുകിട വ്യാപാരങ്ങളിൽ ഭൂരിഭാഗവും ബംഗ്ലാദേശി സ്വദേശികൾ ഏറ്റെടുത്തതും തങ്ങളുടെ വ്യാപാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മലയാളി വ്യാപാരികൾ പറഞ്ഞു. വളരെ കുറഞ്ഞ ലാഭം മാത്രം എടുത്തു കൊണ്ട് കൃത്രിമ സാധനങ്ങൾ വിറ്റുകൊണ്ടാണ് ബംഗ്ലാദേശ് സ്വദേശികൾ  ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതെന്ന പരാതിയും മലയാളികൾ പങ്കുെവയ്ക്കുന്നു. വളരെ ചുരുങ്ങിയ മൂലധനമുണ്ടെങ്കിൽ തന്നെ ആർക്കും ബിസിനസ് തുടങ്ങാമെന്ന പുതിയ നിയമം സംരംഭകരെ സംബന്ധിച്ച് ഗുണകരമാണെങ്കിലും ആ പഴുത് ഉപയോഗിച്ചുകൊണ്ട് നിരവധി പേർ സിആർ എടുക്കുകയും വിസ കച്ചവടം നടത്തുകയുമാണ് ചെയ്യുന്നതെന്നും മനാമയിലെ ചില വ്യാപാരികൾ പരാതിപ്പെടുന്നു. സാമാന്യം ഭേദപ്പെട്ട ശന്പളവും തൊഴിൽ സുരക്ഷിതത്വവും നൽകി ജീവനക്കാരെ നിയമിച്ചു ബിസിനസ് നടത്തുന്നവരെ നോക്കുകുത്തികളാക്കി കടകളുടെ പേരിൽ എടുക്കുന്ന സി ആർ ഉപയോഗിച്ച് മറ്റു തൊഴിലുകളും ചെയ്തു കൊണ്ട് അന്യ രാജ്യക്കാർ വ്യാപാര മേഖലയെതന്നെ നശിപ്പിക്കുകയാണ്.

വാഹന പാർക്കിംഗ് ഇല്ലാത്തതാണ് വ്യാപാരമേഖലയെ തകർക്കുന്ന മറ്റൊരു ഘടകം. കുടുംബസമേതം ഷോപ്പിംഗ് നടത്താനായി എത്തുന്നവർക്ക് അവരുടെ വാഹനം നിർത്തിയിടാനുള്ള സ്ഥലം മനാമയിൽ ഇപ്പോൾ വളരെ കുറവാണ്. കുറച്ചധികം ബിസിനസ് നടക്കുന്ന വാരാന്ത്യങ്ങളിൽ വാഹനങ്ങളുടെ ആധിക്യം മൂലം മനാമ വീർപ്പുമുട്ടുകയാണ്. ഇതിനെല്ലാം പുറമെയാണ് സജീവമായിട്ടുള്ള തെരുവോര കച്ചവടങ്ങളും. മുന്പ് പഴം പച്ചക്കറി മേഖലയിൽ മാത്രമായിരുന്നു തെരുവ് കച്ചവടമെങ്കിൽ ഇന്ന് മൊബൈൽ ഫോൺ വരെയുള്ള സാധങ്ങളുടെ നടന്നു വിൽപ്പനയും സജീവമാണ്. ഈ മേഖലയിൽ കൂടുതലുമുള്ളത് ഏഷ്യക്കാരായ അന്യ രാജ്യക്കാർ തന്നെയാണ്. ഇങ്ങനെ നിരവധി പ്രശനങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന വ്യാപാര മേഖലയിൽ അധികരിച്ച വാടക നിരക്ക് കുറച്ചില്ലെങ്കിൽ  പലർക്കും വ്യാപാര മേഖല തന്നേ ഉപേക്ഷിക്കേണ്ട സ്ഥിതി സം‌ജാതമായേക്കുമെന്നും വ്യാപാരികൾ ഭയപ്പെടുന്നു. ചേംബർ ഓഫ് കൊമേഴ്‌സ് തിരെഞ്ഞെടുപ്പിൽ ശക്തമായ സാന്നിദ്ധ്യമായിരുന്ന മലയാളി ബിസിനസുകാർ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ബന്ധപ്പെട്ടവർ ഉടൻ തന്നെ തയ്യാറാകണമെന്ന് മനാമയിലെ മലയാളി വ്യാപാരി സമൂഹം ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed