മെഷീനുകൾ പ്രവർത്തനരഹിതം : നിർത്തിയിടുന്ന വാഹങ്ങൾക്ക് പിഴയും
മനാമ : മനാമയിലെ പാർക്കിംഗ് ഏരിയകളിൽ പണം നിക്ഷേപിച്ച് വാഹനം പാർക്ക് ചെയ്യാൻ സ്ഥാപിച്ച മെഷീനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രദേശത്ത് നിർത്തിയിട്ട വാഹങ്ങൾക്ക് പലതിനും പിഴ ഒടുക്കേണ്ടി വരുന്നതായി പരാതി. മനാമ യത്തീം സെന്ററിന് സമീപത്തെയും പരിസര പ്രദേശത്തെയും പാർക്കിംഗ് സ്ഥലങ്ങളിൽ സ്ഥാപിച്ച മെഷീനുകളാണ് പ്രവർത്തന രഹിതമായിട്ടുള്ളത്.
എന്നാൽ, ഒരു മെഷീൻ പ്രവർത്തനരഹിതമായാൽ തൊട്ടടുത്തുള്ള മെഷീനിൽ പണം നിക്ഷേപിച്ച് ടിക്കറ്റ് വാഹനത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നാണ് ഗതാഗത വിഭാഗം അനുശാസിക്കുന്നത്. എന്നാൽ ഇവിടെ തൊട്ടടുത്തുള്ള രണ്ട് മെഷീനുകളും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഗോൾഡ് സിറ്റിക്ക് സമീപമാണ് പിന്നീടുള്ള ഏറ്റവും അടുത്ത പാർക്കിംഗ് മെഷീൻ. അത്രയും ദൂരം നടന്നുപോകേണ്ട അവസ്ഥയാണ് ഇവിടെ പാർക്ക് ചെയ്യുന്നവർക്കുള്ളത്.
എന്നാൽ നിരന്തരം പരിശോധനകൾ നടക്കുന്ന ഈ ഭാഗത്ത് മെഷീനുകൾ അന്വേഷിച്ച് നടക്കുന്ന സമയത്ത് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാലും അനധികൃത പാർക്കിംഗിന്റെ പേരിൽ പിഴ ഒടുക്കേണ്ടി വരുന്നുവെന്നാണ് ഡ്രൈവർമാർ പറയുന്നത്.
നിരവധി ബിസിനസ് സ്ഥാപനങ്ങളും ഭക്ഷണശാലകളും പ്രവർത്തിക്കുന്ന ഈ പ്രദേശത്തെ പാർക്കിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായിട്ട് ദിവസങ്ങൾ നാല് കഴിഞ്ഞെന്ന് പരിസരവാസികൾ പറയുന്നു.

