നീളുന്ന മരാമത്ത് പണി : കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പരാതി


മനാമ : മനാമയിലെ തിരക്കുള്ള വ്യാപാര കേന്ദ്രങ്ങൾക്ക് മുൻവശത്തെ റോഡിൽ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ തങ്ങളുടെ ബിസിനസ് നിലച്ച അവസ്ഥയിലാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. മനാമ ഷെയ്ഖ് അബ്ദുല്ല റോഡിലാണ് അഴുക്കുചാൽ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ കിളച്ചുമറിച്ചിട്ടിരിക്കുന്നത്. റോഡ് വികസിക്കുന്നതും മരാമത്ത് പണികൾ നടക്കുന്നതും സാധാരണമാണെന്നും എന്നാൽ മൂന്ന് മാസത്തോളമായി നടക്കുന്ന പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുന്നുവെന്നാണ് ഇവിടുത്തെ വ്യാപാരികൾ പറയുന്നത്. അതുതുകൊണ്ടു തന്നെ ആളുകൾ ആരും ഇതുവഴി സഞ്ചരിക്കുന്നില്ലെന്നും പൊതുവെ ബിസിനസ് രംഗത്ത് മാന്ദ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ തങ്ങളുടെ സ്ഥാപനങ്ങൾക്ക്‌ മുന്നിലെ വഴി കിളച്ചു മറിച്ചതോടെ ബിസിനസ് തീർത്തും നിശ്ചലമായ അവസ്ഥയിലാണെന്നും ഇവിടെ കടകൾ നടത്തുന്ന മലയാളികൾ അടക്കമുള്ള വ്യാപാരികൾ പറഞ്ഞു. 

മനാമയിൽ ഇപ്പോൾ നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സമയമായതിനാൽ മനാമയുടെ പാരന്പര്യവും സംസ്കാരവും അറിയുന്നതിന് വേണ്ടി മനാമയിലെ വ്യാപാരകേന്ദ്രങ്ങളെല്ലാം ഇവർ സന്ദർശിക്കുന്നുണ്ട്. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും വസ്ത്ര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷെയ്ഖ് അബ്ദുല്ല റോഡിന്റെ ശോചനീയ അവസ്ഥ കാരണം ടൂറിസ്റ്റുകളും തങ്ങളെ കൈവെടിയുകയാണെന്ന് വ്യാപാരികൾ പരിതപിക്കുന്നു. പൊടി ശല്യമാണ് ഇവിടുത്തെ വ്യാപാരികൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. അഴുക്കുചാലിന്റെയും റോഡിന്റെയും പ്രവർത്തികൾ ആരംഭിച്ചത് മുതൽ മണ്ണ് മാന്തി യന്ത്രങ്ങളും മറ്റ് പ്രവർത്തികൾക്കായുള്ള വാഹനങ്ങളും പ്രവർത്തിക്കുന്നത് കാരണം ഈ ഭാഗത്ത് മുഴുവൻ രൂക്ഷമായ പൊടി ശല്യവുമുണ്ട്. വിൽപ്പന വസ്തുക്കളിൽ എല്ലാം പൊടിപടലങ്ങൾ പറ്റിപ്പിടിക്കുന്നത് കാരണം കടകൾ തുറക്കാൻതന്നെ പ്രയാസമാണെന്ന് ഇവിടെയുള്ള ഫൂട്ട് വെയർ ജീവനക്കാരൻ പറയുന്നു.  ടീ ഷർട്ടുകൾ, മറ്റ് റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവയൊന്നും കടകളിൽ പ്രദർശിപ്പിച്ചുവെക്കാനും സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി പൊടി പടലങ്ങൾ കാരണം തൊണ്ടവേദന ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, തുടങ്ങിയ രോൾങ്ങൾ കടകളിലെ ജീവനക്കാർക്ക് പിടിപെടുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ഇവിടെ നടക്കുന്ന മരാമത്ത് പ്രവർത്തികൾ എത്രയും പെട്ടെന്ന് തീർക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed