സ്വന്തം കാര്യം പറയുന്നത് വർഗ്ഗീയതയല്ല: മേജർ രവി
മനാമ : ഹിന്ദുവിനെപറ്റി പറയുവാൻ ഹിന്ദുതന്നെ വേണം എന്ന് പറയുന്പോൾ അത് പലപ്പോഴും വർഗ്ഗീയതയായി കാണുന്ന രീതി ശരിയല്ലെന്ന് മേജർ രവി പറഞ്ഞു. ബഹ്‌റൈൻ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സ്നേഹികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പറഞ്ഞ മേജർ രവി സ്വന്തം സമുദായത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും കുട്ടികൾക്ക് സീറ്റ് കിട്ടാത്ത അവസ്ഥ മാറ്റിയെടുക്കണമെന്നും കൂട്ടിച്ചേർത്തു.
ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ മന്നം അവാർഡ് വിതരണവും നടന്നു. കെ.എസ്.സി.എ പ്രസിഡണ്ട് പന്പാവാസൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ െവച്ച് ബഹുമുഖ പ്രതിഭ കെ.ജി മന്മഥൻ നായരെ മന്നം അവാർഡ് നൽകി ആദരിച്ചു. ഗൾഫ് ബിസിനസ് ഐക്കൺ അവാർഡ് കെ.എസ് മേനോനും, ഇൻ്റർനാഷണൽ ബിസിനസ് ഐക്കൺ അവാർഡ് കല്ലയിൽ രാധാകൃഷ്ണനും, പ്രവാസി രത്ന അവാർഡ് വി.കെ. രാജശേഖരൻ പിള്ളയ്ക്കും സമ്മാനിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം പിന്നണി ഗായകരായ രതീഷ് കുമാറും ജാനകി നായരും ഒരുക്കിയ ഗാനമേളയും വൈവിധ്യമാർന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരുന്നു.




