ഹോം ഫോർ ഹോം ലെസ്സ് പദ്ധതി : പത്ത് ഭവനങ്ങൾ സിംസ് നിർമ്മിച്ച് നൽകുന്നു


മനാമ : സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജേതാവ് ഡോ. എം.എസ് സുനിലിന്റെഹോം ഫോർ ഹോംലെസ്സ് പദ്ധതിയുടെ കീഴിൽ ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി കേരളത്തിൽ ഭവന രഹിതർക്കായി പത്ത് ഭവനങ്ങൾ നിർമ്മിച്ച് നൽകുമെന്ന് സിംസ് പ്രസിഡണ്ട്് ബെന്നി വർഗ്ഗീസ്, സെക്രെട്ടറി നെൽസൺ വർഗ്ഗീസ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഭവനരഹിതരായ പാവപ്പെട്ടവർക്കായി ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ ഇതിനോടകം എൺപത്തിയഞ്ചോളം ഭവനങ്ങൾ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്. ഈ പദ്ധതി ആയിരുന്നു പ്രധാനമായും ഡോ. എം. എസ്. സുനിലിനെ ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡിന് അർഹയാക്കിയത്. ഷെഡുകളിൽ കിടക്കുന്ന രോഗികളും, വിധവകളും, നിരാലംബരും ആയിട്ടുള്ളവർക്കാണ് വീടുകൾ െവച്ച് നൽകുന്നത്. ഡോ. എം.എസ് സുനിൽ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്കായിരിക്കും ഭവനങ്ങൾ ലഭിക്കുക.

സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് വേദിയിൽ വെച്ച് അഞ്ച് വീടുകൾ ആയിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് സുമനസുകളുടെ സഹായത്താൽ അത് പത്ത് വീടുകളായി ഉയരുകയായിരുന്നു. ഇതിൽ ആറ് വീടുകൾ സിംസ് അംഗങ്ങളും ബാക്കിയുള്ളവ ബഹ്റിനിലെ ജീവകാരുണ്യ പ്രവർത്തകരും ആണ് സംഭാവനയായി നൽകിയിട്ടുള്ളത്. ഇതിൽ ആദ്യ വീടിന്റെ നിർമ്മാണം മാർച്ച് ആദ്യ വാരത്തിൽ ആരംഭിക്കുമെന്നും, പത്ത് വീടുകളും ഈ വർഷത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ പദ്ധതിയോട് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സിംസ് ഭരണസമിതി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed