ആശാൻ ഇനി വരില്ല; വീണ്ടുമൊരു തൃശൂർ പൂരം കാഴ്ചവെക്കാൻ
മനാമ : തൃശൂർക്കാർക്ക് മാത്രമല്ല, പ്രവാസികൾക്ക് ഒന്നടങ്കം പൂരക്കാഴ്ച അനുഭവമാക്കാനും കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരങ്ങു തകർക്കാനും ആശാൻ ഇനിയെത്തില്ല എന്ന സത്യം ഉൾക്കൊള്ളാൻ ബഹ്‌റൈൻ പ്രവാസികൾക്ക് ഇപ്പോഴും സാധിക്കുന്നില്ല. കലാമണ്ഡലം ഗീതാനന്ദൻ എന്ന പ്രതിഭ നിറഞ്ഞ കലാകാരൻ തുള്ളൽക്കാരനായും, പൂരത്തിന്റെ അനൗൺസറായും ബഹ്റൈൻ പ്രവാസികളുടെ കണ്ണിനും കാതിനും പകർന്നു തന്ന ചിത്രങ്ങൾ അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മായ്യ്ക്കാൻ സാധിക്കാതെ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും, കലാസ്വദാകരും.
മകൾ കലാമണ്ഡലം ശ്രീലക്ഷ്മി ബഹ്‌റൈൻ പ്രവാസി ആയതോടെയാണ് മകളെ സന്ദർശിക്കാനെത്തുന്ന ആ പിതാവും ഇവിടെയുള്ള പ്രവാസികളുടെ സുഹൃത്തായത്. ബഹ്റൈനിൽ ഒടുവിൽ വന്നപ്പോൾ കേരളീയ സമാജത്തിൽ വെച്ച് തൃശൂർ പൂരത്തിന്റെ എല്ലാ കാഴ്ചകളും തന്റെ ശബ്ദത്തിലൂടെ തത്സമയ അറിയിപ്പുകൾ നൽകി വലിയൊരു പൂരക്കാഴ്ച ഒരുക്കിയാണ് കലാമണ്ഡലം ഗീതാനന്ദൻ അന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. തൃശൂർ സംസ്കാര ഒരുക്കിയ തൃശൂർ പൂരത്തിന്റെ അനൗൺസ്‌മെന്റാണ് കേരളത്തിലെ പൂര ഓർമ്മകളെ തിരിച്ചെത്തിച്ചത്. വർഷങ്ങളായി തൃശൂർ പൂര നഗരിയിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്ന അദ്ദേഹം ഇത്തവണ വരുന്ന ഏപ്രിൽ 28 ന് തൃശൂർ പൂരത്തിന്റെ തൊട്ടടുത്ത ദിവസം കേരളത്തിലെ പൂരം ഒഴിവാക്കി കൊണ്ട് ബഹ്‌റൈനിൽ സംസ്കാരയുടെ പൂരത്തിന് വരാമെന്ന് ഏറ്റിരുന്നതായും തൃശൂർ സംസ്കാരയുടെ കൺവീനർ ഗോപകുമാർ ഫോർ പി എം ന്യൂസിനോട് പറഞ്ഞു. ഇത്തവണ തൃശൂരിനെക്കുറിച്ചു ചില കവിതകൾ കൂടി എഴുതി വരാമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഫോൺ വിളിച്ചപ്പോൾ പോലും പറഞ്ഞിരുന്നതെന്നും അദ്ദേഹം ഓർമ്മിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ കല്യാണ സൗഗന്ധികം ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോഴാണ് ഗീതാനന്ദൻ എന്ന പ്രതിഭയെ ഇവിടെയുള്ളവർ അടുത്തറിഞ്ഞത്.
ഇടിവെട്ടുന്ന ശബ്ദ കോലാഹലങ്ങളോടൊപ്പം പുതുതലമുറയുടെ സംഗീത നൃത്ത വിസ്മയങ്ങളുടെ ഇടയിൽ ഓട്ടൻതുള്ളൽ എന്ന കലയെ പ്രവാസികൾ എത്രമാത്രം ഉൾക്കൊള്ളും എന്ന സംശയം സംഘാടകർക്കു പോലും ആദ്യമുണ്ടായെങ്കിലും എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് രാത്രി 12 മണിവരെയും തുള്ളൽ കാണാനിരുന്ന മലയാളികൾ കലാമണ്ഡലം ഗീതാനനന്ദൻ എന്ന തുള്ളൽ പ്രതിഭയ്ക്കുള്ള ആദരവ് പ്രകടമാക്കുകയായിരുന്നുവെന്ന് സമാജം ഭാരവാഹികളും ഓർമ്മിക്കുന്നു.
ഇന്നലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ തുള്ളൽ വേദിയിൽ വേഷത്തോടെ തന്റെ പിന്നണിവായനക്കാർക്കു മുന്നിൽ നമസ്‍കരിച്ചു ആ കലാകാരൻ വീണപ്പോൾ കലാകേരളത്തോടൊപ്പം തേങ്ങിയത് ബഹ്‌റൈൻ പ്രവാസികളുമായിരുന്നു. അത്ര കണ്ടു അടുപ്പമായിരുന്നു പ്രത്യേകിച്ച് ബഹ്‌റൈൻ കേ
രളീയ സമാജവുമായും ഇവിടുത്തെ മലയാളികളുമായും അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്.
ബഹ്റൈനിൽ തന്നെ ശ്രീലക്ഷിമിയുടെ നൃത്തക്ലാസിൽ നിരവധി കുട്ടികൾ ഗീതാനന്ദന്റെയും പത്നി ശോഭനയുടെയും കീഴിൽ ഇടക്കാലത്ത് നൃത്തപരിശീലനം നേടിയിട്ടുണ്ട്. ഇവിടെ ഓട്ടൻ തുള്ളൽ പഠിപ്പിക്കാനുള്ള അവസരം കൂടി ഉണ്ടാക്കണമെന്നുള്ള ആഗ്രഹം ബാക്കിവച്ചാണ് അദ്ദേഹം ജീവിതത്തിൽ നിന്നും വിട പറഞ്ഞത്. കലാമണ്ഡലം ഗീതാനന്ദന്റെ നിര്യാണത്തിൽ നിരവധി മലയാളി സംഘടനകൾ അനുശോ
ചിച്ചു. ജ്വാല ബഹ്‌റൈൻ സംഘടപിച്ച അനുശോചന യോഗത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജ്വാല രക്ഷാധികാരി എം പി രഘു എന്നിവർ സംസാരിച്ചു.

